സ്വന്തം ലേഖകൻ: യു.എസ് പാര്‍ലമെന്റ് കെട്ടിടമായ ക്യാപിറ്റോള്‍ മന്ദിരത്തില്‍ വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. സുരക്ഷാസേനാംഗങ്ങളെ ആക്രമിക്കാനെത്തിയ ആളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ആക്രമണത്തില്‍ മറ്റൊരു പൊലീസുദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
അക്രമി വാഹനത്തില്‍ ചീറിപ്പാഞ്ഞെത്തി ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടിയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്കേറ്റത്. തുടര്‍ന്ന് ഇയാള്‍ കാറില്‍ നിന്നും പുറത്തിറങ്ങി കത്തി വീശീക്കൊണ്ട് പൊലീസിനടുത്തേക്ക് വരികയും പൊലീസ് ഇയാളെ വെടിവെച്ചിടുകയായിരുന്നു. ആക്ടിംഗ് ചീഫ് യൊഗാണ്ട പിറ്റ്മാനാണ് മാധ്യമങ്ങളെ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
അക്രമിയെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും മെട്രോപൊളിറ്റന്‍ പൊലീസ് ചീഫ് റോബര്‍ട്ട് കോന്റി അറിയിച്ചു. അതേസമയം സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി കരുതില്ലെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ജനറല്‍ ഗാര്‍ഡ് ട്രൂപ്പിനെ വിന്യസിച്ചു. ജനാലകള്‍ക്കടുത്ത് നിന്നും മാറിനില്‍ക്കണമെന്നും ആക്രമണം ഉണ്ടായാല്‍ രക്ഷ നേടാനായി കവര്‍ എടുക്കണമെന്നും സേനാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്ന് മാസം മുന്‍പ് ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പാര്‍ലമെന്റ് മന്ദിരം അടച്ചിട്ടിരുന്നു. ട്രംപ് അനുകൂലികള്‍ വീണ്ടും ആക്രമണം നടത്തിയേക്കാമെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ക്യാപിറ്റോളും പരിസര പ്രദേശങ്ങളും കടുത്ത സുരക്ഷയിലായിരുന്നു. ഇതിനിടയില്‍ ഇപ്പോള്‍ പുതിയ ആക്രമണമുണ്ടായതും പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല