സ്വന്തം ലേഖകന്‍: യുഎസ്, ചൈന വ്യാപാര യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു; രൂപയടക്കമുള്ള പ്രധാന കറന്‍സികളുടെ വിലയിടിയും. തീരുവയുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി യുഎസും ചൈനയും. വ്യാപാരയുദ്ധവുമായി മുന്നോട്ടുപോകുന്നതോടെ ഇന്ത്യന്‍ രൂപയടക്കമുളള നാണയങ്ങളുടെ മൂല്യം കുത്തനെ ഇടിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയ യുഎസ് നടപടി സ്വീകാര്യമല്ലെന്ന് ചൈനീസ് വ്യാപാര വകുപ്പ് വ്യക്തമാക്കി. ഇരുപതിനായിരം കോടി ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി നികുതി ഏര്‍പ്പെടുത്തുമെന്നുള്ള യുഎസിന്റെ പുതിയ പ്രഖ്യാപനം പ്രകോപനപരമാണ് എന്നാണ് ചൈനയുടെ വിലയിരുത്തല്‍. യുഎസ് നടപടി ചൈനയെ മാത്രമല്ല, ആഗോള വ്യാപാര രംഗത്തെ മുഴുവന്‍ അസ്വസ്ഥമാക്കുന്നതാണെന്ന് വ്യാപാര വകുപ്പിന്റെ വക്താവ് പറഞ്ഞു.
ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. യുഎസിന്റെ ഏകപക്ഷീയമായ നടപടിക്കെതിരെ ലോകവ്യാപാര സംഘടനയ്ക്ക് പരാതി നല്‍കുമെന്നും ചൈന വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഔദ്യോഗികമായി യുഎസ് പ്രസിഡന്റ് ട്രംപ് വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ചത്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 34 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവയാണ് യുഎസ് ഏര്‍പ്പെടുത്തിയത്.
മറുപടിയായി 34 ബില്യണ്‍ തന്നെ മൂല്യമുളള ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയും ഏറ്റവും ഉയര്‍ന്ന തീരുവ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്തത് ഏകദേശം 550 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ്. ഇതേ തുകയ്ക്കുളള ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്നാണ് യുഎസിന്റെ ഭീഷണി. വ്യാപാരയുദ്ധം കടുത്തതോടെ ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല