സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിലക്കിന് ഭാഗിക അനുമതി നല്‍കി കോടതിവിധി. ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്കും അഭയാര്‍ഥികള്‍ക്കും അമേരിക്ക ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് ഭാഗികമായി നടപ്പിലാക്കാന്‍ അമേരിക്കന്‍ ഉന്നത കോടതിയാണ് അനുമതി നല്‍കിയത്. നേരത്തെ അമേരിക്കയിലെ കീഴ്‌കോടതികള്‍ യാത്രാ വിലക്ക് സ്‌റ്റേ ചെയ്തിരുന്നു.
അമേരിക്കയുമായി കുടുംബപരമായോ വ്യാപരപരമായോ മറ്റ് ബന്ധങ്ങളോ ഉള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് തടസമില്ല. എന്നാല്‍ ആറ് മുസ്‌ലിം രാജ്യങ്ങളല്‍ നിന്ന് ബോണഫൈഡ് റിലേഷന്‍ ഇല്ലാത്ത യാത്രികര്‍ക്ക് അനുമതിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച കേസ് വിശദമായ വാദം കേള്‍ക്കുന്നതിനായി ഒക്‌ടോബറിലേക്ക് മാറ്റി.
പ്രസിഡന്റായി അധികാരമേറ്റെയുടന്‍ ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് 90 ദിവസത്തേക്കും അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തേക്കും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ട്രംപ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്.
ഇത് കോടതി തടഞ്ഞതോടെ മാര്‍ച്ച് ആദ്യം വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇറാനെ ഒഴിവാക്കിക്കൊണ്ട് പുതുക്കിയ ഉത്തരവും ഇറക്കി. ഇതിനും കോടതികള്‍ തടയിട്ടിരുന്നു. യാത്രാവിലക്ക് പുനഃസ്ഥാപിക്കണമെന്ന് നീതിന്യായ വകുപ്പ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. അഭയാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നടപ്പാക്കാന്‍ അനുവദിക്കണമെന്ന വൈറ്റ് ഹൗസ് ആവശ്യം കോടതി താല്‍ക്കാലികമായി അംഗീകരിക്കുക!യായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല