സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ അസഹിഷ്ണുതയും വര്‍ഗീയ അതിക്രമങ്ങളും കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയിലും ആക്രമത്തിലും ആശങ്ക പ്രകടിപ്പിക്കുന്നതായി അമേരിക്കന്‍ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി. ബീഫ് കഴിക്കുന്നതിന്റെ പേരില്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയോട് പ്രതികരിക്കുകയായിരുന്നു കിര്‍ബി.
ബീഫ് കഴിക്കുന്നത് സംബന്ധിച്ച് വര്‍ധിച്ചു വരുന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചും ബീഫ് വാങ്ങിയെന്നാരോപിച്ച് മധ്യപ്രദേശില്‍ രണ്ട് യുവാക്കളെ മര്‍ദ്ദിച്ചതിലും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഭീകരതെയ നേരിടുന്നതില്‍ അമേരിക്ക ഇന്ത്യക്കൊപ്പമാണ്. സഹിഷ്ണുതാ നയം വീണ്ടെടുക്കാന്‍ ഇന്ത്യയെപ്പോലെ അമേരിക്കയും ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുന്നതെന്തും സര്‍ക്കാര്‍ ചെയ്യണം. ഭീകരതയുടെ ഹീനമായ ആക്രമണങ്ങള്‍ക്കെതിരെ എല്ലാരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അമേരിക്കയുടെ അസഹിഷ്ണുതാ പരാമര്‍ശത്തോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചില്ല. നേരത്തെ ഒബാമയും ഇതേ ആശങ്ക ഉന്നയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല