സ്വന്തം ലേഖകൻ: മറ്റ് രാജ്യങ്ങളുടെ എംബസികളും നയതന്ത്രജ്ഞരും ഇന്ത്യയിലുണ്ട്. എന്നാല്‍ അവരുടെ യാത്ര എങ്ങനെയായിരിക്കും. ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഇതിനായി അവര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള വനിതാ നയതന്ത്രജ്ഞര്‍ ഈ ശീലങ്ങളെല്ലാം മാറ്റിയിരിക്കുകയാണ്.
നാല് അതിപ്രശസ്ത നയതന്ത്രജ്ഞര്‍ ഇന്ത്യയില്‍ സ്വന്തമായി ഓട്ടോറിക്ഷ വാങ്ങിയിരിക്കുകയാണ്. ഓഫീസിലേക്കുള്ള ഇവരുടെ യാത്രയെല്ലാം ഈ വാഹനങ്ങളിലൂടെയാണ്. ഇതിന്റെ ദൃശ്യങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ എല്ലാം ഇവരുടെ ഓട്ടോ ഓടിക്കല്‍ വൈറലായിരിക്കുകയാണ്.
4 യുഎസ് വനിതാ നയതന്ത്ര പ്രതിനിധികളാണ് ഇപ്പോള്‍ അമ്പരപ്പിച്ചിരിക്കുന്നത്. ഇവര്‍ നാല് പേരും രാജ്യതലസ്ഥാനമായ ദില്ലിയിലെ തെരുവുകളിലൂടെയാണ് ഇപ്പോള്‍ ഓട്ടോ ഓടിച്ച് നടക്കുന്നത്. ഇത് മീറ്ററിട്ട് ഓട്ടത്തിനുള്ളതല്ല, പകരം ഇവര്‍ സ്വന്തമായി വാങ്ങി, സ്വന്തമായി തന്നെ ഓടിക്കുന്നതാണ്. ദില്ലിയിലെ തെരുവുകളാകെ അമ്പരന്നിരിക്കുകയാണ്. ഇവരുടെ യാത്രകളെല്ലാം ഈ ഓട്ടോകളിലാണ്. ജോലിക്കായി പോകുന്നതിനും ഔദ്യോഗിക വാഹനം ഉപേക്ഷിച്ചിരിക്കുകയാണ്.
ആന്‍ എല്‍ മേസന്‍, റൂത്ത് ഹോംബര്‍ഗ്, ഷരീന്‍ ജെ കിറ്റര്‍മാന്‍, ജെന്നിഫര്‍ ബൈവാട്ടേഴ്‌സ് എന്നീ നാല് യുഎസ് നയതന്ത്ര പ്രതിനിധികളാണ് ഔദ്യോഗിക വാഹനം വേണ്ടെന്ന് വെച്ച് പുതിയ ഓട്ടോ വാങ്ങിയത്. പിങ്കും കറുപ്പ് നിറത്തിലുള്ളതാണ് ഇവരുടെ പുതിയ ഓട്ടോകള്‍. ഇവരുടെ ഔദ്യോഗിക യാത്രകളെല്ലാം ഈ ഓട്ടോകളിലാണ്. ഓഫീസിലേക്ക് പോകാനും കാര്‍ അടക്കമുള്ള മാര്‍ഗങ്ങള്‍ ഇവ ഉപയോഗിക്കാറില്ല. റോയിറ്റേഴ്‌സ് അവരുടെ ട്വിറ്റര്‍ പേജില്‍ ഇവരെ കുറിച്ചുള്ള വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഡിട്രോയിറ്റില്‍ നിന്ന് ഇന്ത്യയിലെ ഓട്ടോറിക്ഷയിലെത്തി. വാഹനങ്ങളുമായി വലിയൊരു ബന്ധവും, അതിനോട് ഇഷ്ടവുമുണ്ട്. ഓരോ സ്ഥലത്ത് പോകുമ്പോഴും എന്തെങ്കിലും പ്രത്യേകതകളുള്ള വാഹനങ്ങള്‍ എപ്പോഴും കൂടെയുണ്ടാവും. എന്നാല്‍ ഒരു ഓട്ടോറിക്ഷയേക്കാള്‍ സ്‌പെഷ്യലായി ഒന്നുമില്ലെന്ന് നയതന്ത്രജ്ഞരിലൊരാള്‍ പറഞ്ഞു. പാകിസ്താനില്‍ താന്‍ കണ്ട സ്വപ്‌നമാണ് ഇന്ത്യയില്‍ വെച്ച് പൂര്‍ത്തീകരിക്കുന്നതെന്ന് ആന്‍ എല്‍ മേസന്‍ പറഞ്ഞു.
ഇന്ത്യക്ക് മുമ്പ് താന്‍ പാകിസ്താനിലായിരുന്നു. അവിടെ ആയുധങ്ങളെല്ലാം ഉള്ള വന്‍ സുരക്ഷാ വാഹനങ്ങളിലായിരുന്നു ഞാന്‍ സഞ്ചരിച്ചിരുന്നത്. വളരെ വലിയ വാഹനമായിരുന്നു അത്. പക്ഷേ മനോഹരമായിരുന്നു. എന്നാല്‍ എപ്പോഴും ഞാന്‍ തെരുവുകളിലേക്ക് നോക്കാറുണ്ടായിരുന്നു. വാഹനപ്രേമി എന്ന നിലയില്‍ അത് ആവേശമായിരുന്നുവെന്ന് ആന്‍ മേസന്‍ പറഞ്ഞു. അങ്ങനെയുള്ള യാത്രകളില്‍ വെച്ചാണ് പാകിസ്താനില്‍ വെച്ച് ഓട്ടോറിക്ഷകള്‍ കണ്ടത്. എപ്പോഴും അതില്‍ സഞ്ചരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇന്ത്യയിലെത്തിയപ്പോള്‍ അത്തരമൊരു അവസരം വന്നു. ഒന്നും നോക്കാതെ തന്നെ ഓട്ടോ വാങ്ങിയെന്നും ആന്‍ പറഞ്ഞു.
തന്റെ അമ്മയാണ് ജീവിതത്തില്‍ എപ്പോഴും പ്രചോദനമായിരുന്നത്. ജീവിതത്തില്‍ എപ്പോഴും സാധ്യതകള്‍ തേടിക്കൊണ്ടിരിക്കണമെന്ന് അവരാണ് തന്നെ ബോധ്യപ്പെടുത്തിയത്. അവര്‍ എപ്പോഴും അവസരങ്ങള്‍ ഉപയോഗിച്ചിരുന്നു. ലോകം മുഴുവന്‍ അവര്‍ സഞ്ചരിച്ചിരുന്നു. വിയറ്റ്‌നാം യുദ്ധത്തിന്റെ ഭാഗമായിരുന്നു അമ്മ. ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ ചെയ്തിരുന്നു. വീണ്ടുമൊരു അവസരം നിങ്ങള്‍ക്ക് കിട്ടിയെന്ന് വരില്ല. അതാണ് അമ്മ എല്ലാ കാര്യങ്ങളും ചെയ്യാന്‍ കാരണമെന്നും ആന്‍ പറഞ്ഞു. ഓട്ടോറിക്ഷ ഓടിക്കാന്‍ പഠിച്ചത് തനിക്ക് പുതിയ അനുഭവമാണെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല