സ്വന്തം ലേഖകൻ: മനുഷ്യന്റെ ജീവിതത്തിൽ ഉറപ്പായും സംഭവിക്കുന്ന ഒന്നാണ് മരണം. മരണശേഷം എന്ത് സംഭവിക്കുമെന്ന് നമ്മളിൽ പലരും ചിന്തിക്കാറുണ്ട്. മരണത്തിനു ശേഷം മറ്റൊരു ജീവിതമുണ്ടെന്ന് പല മതങ്ങളും പറയുന്നുണ്ടെങ്കിലും അത് വിശ്വസിക്കാത്തവരും നിരവധിയാണ്.
എന്നാൽ 5,000ലധികം മരണാസന്ന അനുഭവങ്ങൾ പഠിച്ചതായി അവകാശപ്പെടുന്ന യുഎസിലെ ഒരു റേഡിയേഷൻ ഓങ്കോളജിസ്റ്റ്, മരണശേഷവും ജീവിതം ഉണ്ടെന്ന് വ്യക്തമാക്കുന്നു. അതിലൊരു സംശയവും ഇല്ലെന്നും അദ്ദേഹം പറയുന്നു. ജെഫ്രി ലോങ് എന്ന ഡോക്ടറാണ് തന്റെ അനുഭവം വിവരിക്കുന്നത്.
മരണാസന്ന അനുഭവങ്ങളോടുള്ള (എൻഡിഇ) ഈ അഭിനിവേശം ഡോ. ജെഫ്രി ലോങ്ങിനെ 1998ൽ നിയർ-ഡെത്ത് എക്‌സ്പീരിയൻസ് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. അടുത്തിടെ തന്റെ അനുഭവങ്ങൾ വിശദീകരിച്ച് അദ്ദേഹം ഒരു ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
വർഷങ്ങളായി, അദ്ദേഹം എൻഡിഇകൾ റിപ്പോർട്ട് ചെയ്തവരിൽ നിന്ന് ആ അനുഭവങ്ങൾ ശേഖരിക്കുകയും അവ ശാസ്ത്രീയമായി വിശകലനം ചെയ്യുകയും ചെയ്യുന്നു. ഓരോ അനുഭവവും വ്യത്യസ്തമാണെങ്കിലും പല കേസുകളിലും പ്രവചനാതീതമായ ക്രമത്തിൽ സമാനത വരുന്നത് അദ്ദേഹം ശ്രദ്ധിച്ചു.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മരണാസന്ന അനുഭവങ്ങൾ ഉള്ള 45 ശതമാനം ആളുകളും ശരീരേതര അനുഭവം റിപ്പോർട്ട് ചെയ്യുന്നു. ‘അവരുടെ ബോധം ഭൗതിക ശരീരത്തിൽ നിന്ന് വേർപെടുന്നു, അത് മുകളിൽ ചുറ്റിത്തിരിയുന്നു, അവർക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് കാണാനും കേൾക്കാനും അവരെ അനുവദിക്കുന്നു’- എന്നൊക്കെയാണ് ആളുകൾ പറയുന്നതെന്ന് ഡോ. ലോങ് വിശദീകരിച്ചു.
‘ശരീരേതര അനുഭവങ്ങൾക്കു ശേഷം തങ്ങൾ മറ്റൊരു മണ്ഡലത്തിലേക്ക് കടക്കുന്നതായി ആളുകൾ പറഞ്ഞു. പലരും ഒരു തുരങ്കം പോലുള്ളതിലൂടെ കടന്നുപോവുകയും തുടർന്നൊരു പ്രകാശം അനുഭവിക്കുകയും ചെയ്യുന്നു. തുടർന്ന്, അവരുടെ ജീവിതത്തിന്റെ പ്രധാന ഘട്ടത്തിലുണ്ടായിരുന്ന വളർത്തുമൃഗങ്ങൾ ഉൾപ്പെടെ മരിച്ചുപോയ പ്രിയപ്പെട്ടവർ അവരെ അഭിവാദ്യം ചെയ്യുന്നു. മിക്ക ആളുകളും സ്നേഹത്തിന്റെയും സമാധാനത്തിന്റേയും അവസ്ഥ പറയുന്നു. ഈ മറ്റൊരു മണ്ഡലമാണ് തങ്ങളുടെ യഥാർഥ വീടെന്ന് അവർക്ക് തോന്നുന്നു’- ലോങ് കൂട്ടിച്ചേർത്തു.
എന്നാൽ, ഈ അനുഭവങ്ങൾക്ക് ശാസ്ത്രീയമായ വിശദീകരണങ്ങളൊന്നും താൻ കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം സമ്മതിച്ചു. സമാനമായ ഗവേഷണം നടത്തുന്ന മറ്റ് ഡോക്ടർമാരും ഡോ. ലോങ്ങിനോട് യോജിക്കുകയും തങ്ങൾക്ക് പരിചിതമായ ചില സ്വഭാവവിശേഷങ്ങൾ ഉദ്ധരിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല