സ്വന്തം ലേഖകന്‍: സിറിയക്കു പിന്നാലെ അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളിലും ബോംബ് വര്‍ഷവുമായി അമേരിക്ക, പ്രയോഗിച്ചത് അതിവിനാശകാരിയായ ‘ബോംബുകളുടെ അമ്മ’. ഏറ്റവും വലിയ ആണവേതര ബോംബായ, എല്ലാ ബോംബുകളുടേയും അമ്മ എന്ന് വിളിപ്പേരുള്ള ജി.ബി.യു 43 ആണ് യുഎസ് പ്രയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അഫ്ഗാനിസ്താന്‍ പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ആഷിന്‍ ജില്ലയിലായിരുന്നു യു.എസ് സൈന്യം ആക്രമണം നടത്തിയത്. ഐ.എഎസിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിട്ടാണ് ഈ മേഖല അറിയപ്പെടുന്നത്. ഇവിടെ വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് എം.സി 130 വിമാനത്തില്‍നിന്ന് കൂറ്റന്‍ ബോംബ് വര്‍ഷിച്ചത്.
ഇതാദ്യമായാണ് അമേരിക്ക ഐ.എസ് വേട്ടയുടെ ഭാഗമായി അഫ്ഗാനിതാനില്‍ ഈ ഭീമന്‍ ബോംബ് ഉപയോഗിക്കുന്നത്. 2003ല്‍, ഇറാഖ് അധിനിവേശത്തിന് മുമ്പാണ് ഈ ബോംബ് ആദ്യമായി പരീക്ഷിച്ചത്. മാസ്സീവ് ഓര്‍ഡനന്‍സ് എയര്‍ ബ്ലാസ്റ്റ് ബോംബ് എന്ന് പൊതുവെ അറിയപ്പെടുന്ന ഇവക്ക് ഏകദേശം പതിനൊന്ന് ടണ്‍ ടിഎന്‍ടി സ്‌ഫോടക ശേഷിയുണ്ട്.
നാന്‍ഗര്‍ഹാറിലെ െഎ.എസ് ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാനിലെ യു.എസ് സൈന്യത്തിന് നേതൃത്വം നല്‍കുന്ന ജനറല്‍ ജോണ്‍ നിക്കല്‍സണ്‍ സ്ഥിരീകരിച്ചു. ഐഎസിന്റെ നീക്കങ്ങളെ മുളയിലേ നുള്ളുക എന്നതായിരുന്നു ഇത്തരമൊരു ഓപ്പറേഷനിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടേയും പരുക്കു പറ്റിയവരുടേയും വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല