1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2011

കാബൂളിലെ യു.എസ്. എംബസിയില്‍ കഴിഞ്ഞയാഴ്ച ആക്രമണം നടത്തിയ ഹഖാനിഗ്രൂപ്പിന് പാക് സര്‍ക്കാരുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ ലഭിച്ചിട്ടുണ്ടെന്ന് പാകിസ്ഥാനിലെ യു.എസ് സ്ഥാനപതി കാമറോണ്‍ മുനീര്‍ പറഞ്ഞു. ഹഖാനി ഗ്രൂപ്പുപോലുള്ള ഭീകരസംഘടനകളുമായി പാകിസ്ഥാന്‍ തുടരുന്ന ബന്ധം അവസാനിപ്പിക്കണമെന്നും പാക് യു.എസ് ബന്ധങ്ങള്‍ പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ പല കാര്യങ്ങളും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ‘റേഡിയോ പാകിസ്ഥാനു’മായുള്ള ആഭിമുഖ്യത്തില്‍ പറഞ്ഞു.

ലഭിച്ച തെളിവ് എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ടെലിഫോണ്‍ സംഭാഷണങ്ങള്‍ സംബന്ധിച്ച രേഖകളാണെന്നാണ് നിഗമനം. യു.എസ്. എംബസിയുടെ നേര്‍ക്ക് ഭീകരര്‍ ആക്രമണം നടത്തിയത് സമീപത്തെ ഒരു ബഹുനിലകെട്ടിടത്തില്‍ മറഞ്ഞിരുന്നുകൊണ്ടാണ്. ഈ കെട്ടിടത്തിലുണ്ടായിരുന്ന ഭീകരര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ അഫ്ഗാന്‍ പൊലീസ് കണ്ടെടുത്തിരുന്നു. ആക്രമണം തുടരുമ്പോഴും ഭീകരര്‍ മൊബൈലിലൂടെ പാക് സംഘടനയായ ഐ.എസ്.ഐയുടെ ഏജന്റുമാരുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയതായാണ് സൂചന. ഭീകരവിരുദ്ധ വേട്ട തുടരുന്നുവെന്ന് പാക് ഭരണകൂടം അവകാശപ്പെടുമ്പോള്‍ തന്നെ ഐ.എസ്.ഐ ഭീകരഗ്രൂപ്പുകളുമായി സൌഹൃദം പുലര്‍ത്തുന്നത് അമേരിക്കയെ ഏറെ അസ്വസ്ഥമാക്കിയിട്ടുണ്ട്. മുമ്പ് ഇന്ത്യാവിരുദ്ധ ഭീകരഗ്രൂപ്പുകളുമായിട്ടായിരുന്നു ഐ.എസ്.ഐക്ക് പ്രധാനമായും ബന്ധം. എന്നാല്‍, ഇപ്പോള്‍ അമേരിക്കന്‍ വിരുദ്ധ ഭീകരഗ്രൂപ്പുകളുമായും ഐ.എസ്.ഐ ബന്ധം പുലര്‍ത്തുന്നു. ഇതാണ് അമേരിക്കയെ അസ്വസ്ഥമാക്കുന്നത്. ഭീകരഗ്രൂപ്പുകള്‍ അമേരിക്കയുടെയും പാകിസ്ഥാനത്തിന്റെയും പൊതുശത്രുക്കളാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം ഇനിവേണം വിജയിക്കാന്‍.

അഫ്ഗാനിസ്ഥാനില്‍ യു.എസ്. സേനയെ ആക്രമിക്കുന്ന പാകിസ്ഥാനില്‍ നിന്നുള്ള ഭീകരവിരുദ്ധര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് യു.എസ് പ്രതിരോധസെക്രട്ടറി ലിയോണ്‍ പനേറ്റ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി ഗിലാനിയുടെ നേതൃത്വത്തിലുള്ള പാക് ഭരണകൂടത്തിന് ഐ.എസ്.ഐയെ നിയന്ത്രിക്കാനാവില്ല. സൈനിക നേതൃത്വത്തിനാണ് ഐ. എസ്.ഐയുടെ നിയന്ത്രണം. സൈനിക നേതൃത്വമാകട്ടെ ഐ.എസ്.ഐക്കെതിരെ ആരോപണം ഉയരുമ്പോള്‍ മൌനം പാലിക്കുകയാണ് പതിവ്. അമേരിക്കയുമായി നല്ല ബന്ധം തുടരണമെന്നാണ് ശിലാനി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പക്ഷേ, ബന്ധം വഷളാവുകയാണ്. യു.എസ്. പ്രസിഡന്റ് ബറാക് ഒബാമ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിനാല്‍ പ്രധാനമന്ത്രി ഗിലാനിക്ക് അമേരിക്കന്‍ സന്ദര്‍ശനം ഉപേക്ഷിക്കേണ്ടി വന്നതായി റിപ്പോര്‍ട്ടുണ്ട്.

വടക്കന്‍ വസീറിസ്ഥാനില്‍ കടന്നുകയറി ആക്രമണം നടത്തിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അമേരിക്കയ്ക്ക് പാകിസ്ഥാന്‍ മുന്നറിയിപ്പു നല്‍കി.കാബൂളിലെ യു.എസ് എംബസിക്കു നേരെ ആക്രമണം നടത്തിയ ഹഖാനിഗ്രൂപ്പിന്റെ താവളങ്ങള്‍ വടക്കന്‍ വസീറിസ്ഥാനിലാണ്. ഹഖാനിഗ്രൂപ്പിന്റെ താവളങ്ങള്‍ ആക്രമിക്കുമെന്ന സൂചന യു.എസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ നല്‍കിയിരുന്നു.

‘നാറ്റോ’ സമ്മേളനത്തിനിടെ കഴിഞ്ഞ വെള്ളിയാഴ്ച സ്പെയിനില്‍വച്ച് യു.എസ് ജോയിന്റ് ചീഫ്സ് ഒഫ് സ്റ്റാഫ് ചെയര്‍മാന്‍ മൈക്ക് മുള്ളനുമായി പാക് സേനാ മേധാവി ജനറല്‍ അസ്ഫാക് കയാനി സംഭാഷണം നടത്തിയിരുന്നു. പാക്സേന വടക്കന്‍ വസീറിസ്ഥാനിലെ ഹഖാനി ഗ്രൂപ്പിനെ അമര്‍ച്ച ചെയ്യണമെന്ന അമേരിക്കയുടെ ആവശ്യം കയാനി തള്ളിയിരുന്നു. തുടര്‍ന്നാണ് അമേരിക്കയ്ക്ക് ഏകപക്ഷീയമായ ആക്രമണം നടത്തുമെന്ന സൂചനയുണ്ടായതും പാകിസ്ഥാന്‍ അതിനെതിരെ മുന്നറിയിപ്പ് നല്‍കിയതും. ‘അല്‍ക്വ ഇദ’ മേധാവി ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനില്‍ കടന്നുകയറി അമേരിക്ക വധിച്ചിരുന്നു. വീണ്ടും അതുപോലെ ഒരു ആക്രമണമുണ്ടായാല്‍ കൂടുതല്‍ മാനംകെടുമെന്ന ആശങ്കയാണ് പാക് സേനയ്ക്ക്.

അഫ്ഗാനിസ്ഥാനിലെ യു. എസ്. സേനയ്ക്ക് കടുത്ത ഭീഷണിയായി മാറിയ താലിബാന്‍പക്ഷ തീവ്രവാദി ഗ്രൂപ്പാണ് ഹഖാനി ശൃംഖല. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പാക് പ്രദേശമായ വടക്കന്‍ വസീറിസ്ഥാനിലെ മിറാന്‍ഷായിലാണ് ഹഖാനി ശൃംഖലയുടെ നേതാക്കള്‍. ജലാലുദ്ദീന്‍ ഹഖാനിയുടെ മകന്‍ സിറാജുദ്ദീന്‍ ഹഖാനിയാണ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്. വിവിധ ഗ്രൂപ്പുകളിലായി 10,000 ത്തിലേറെ പോരാളികള്‍ ഹഖാനി ശൃംഖലയിലുണ്ടെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയോട് ശത്രുത പുലര്‍ത്തുന്ന ഹഖാനി ഗ്രൂപ്പിന് പാക് ചാരസംഘടനയുമായി അടുത്ത ബന്ധമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.