1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2018

സ്വന്തം ലേഖകന്‍: ആന്‍ഡമാന്‍ ഗോത്രവര്‍ഗക്കാര്‍ വധിച്ച ജോണ്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ വഴി കാണാതെ അധികൃതര്‍; നഗ്‌നരായി ചെന്ന് തേങ്ങയും ഇരുമ്പും നല്‍കിയാല്‍ മൃതദേഹം വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കുമെന്ന് വിദഗ്ര്‍. ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മ!ൃതദേഹം ഒരിക്കലും വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നു വിദഗ്ധരുടെ അഭിപ്രായം.

ദ്വീപ് നിവാസികള്‍ക്കെതിരെ നിയമപരമായി നീങ്ങാന്‍ സാധിക്കാത്തതാണ് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. അസാധാരണമായ ആവാസവ്യവസ്ഥയിലും ജീവിതരീതിയിലും കഴിയുന്ന സെന്റിനലി ഗോത്രക്കാരുടെ ഇടയിലേക്ക് ചൗ അതിക്രമിച്ചു കടക്കുകയായിരുന്നു. ലോകത്തില്‍ തന്നെ ഏറ്റവും സംരക്ഷിത വിഭാഗങ്ങളില്‍ ഒന്നായ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അലന്‍ ചൗ മരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പൊലീസിനോ മറ്റു സേനാ വിഭാഗങ്ങള്‍ക്കോ സാധിച്ചിട്ടില്ല. ചെറുവള്ളത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ദ്വീപില്‍ എത്തിയെങ്കിലും നിവാസികളുടെ പ്രതികരണത്തെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ തിരികെപോരുകയായിരുന്നു.

ദ്വീപ് നിവാസികള്‍ക്ക് ഒരുതരത്തിലുള്ള ശല്യമോ മറ്റു വിഷമങ്ങളോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. 21 ആം നൂറ്റാണ്ടിലെ മനുഷ്യരുടെ ചെറിയ രോഗങ്ങള്‍ പോലും ഇവരുടെ ജീവനു ഭീഷണിയായേക്കാമെന്നും അവര്‍ പറഞ്ഞു.

സെന്റിനല്‍ ദ്വീപില്‍നിന്നു ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത് നിഷ്ഫലമായ പ്രവൃത്തിയായിരിക്കുമെന്ന് ആദിവാസി അവകാശ വിദഗ്ധനും എഴുത്തുകാരനുമായ പങ്കജ് സേക്‌സരിയ അഭിപ്രായപ്പെട്ടു. പുറത്തുനിന്ന് ആളുകള്‍ അവിടെയെത്തുന്നത് ദ്വീപിലുള്ള വിവിധ ഗോത്രവര്‍ഗക്കാരുടെ ഇടയില്‍ ഭിന്നത സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹം വീണ്ടെടുക്കാന്‍ ശ്രമിച്ചാല്‍ ഇരുകൂട്ടരുടെയും ജീവന്‍ അപകടത്തില്‍ ആകുമെന്ന് ഒറ്റപ്പെട്ട വിഭാഗങ്ങളെക്കുറിച്ചുള്ള ഗവേഷകയായ സോഫി ഗ്രിഗ് പറഞ്ഞു. പുറംലോകവുമായി ബന്ധപ്പെടുമ്പോള്‍ അവരിലൊരാളായി ഗോത്രവിഭാഗങ്ങള്‍ക്കു തോന്നിയെങ്കില്‍ മാത്രമെ ഇടപെടാന്‍ സാധിക്കുവെന്നാണ് പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ അനുപ് കപൂറിന്റെ അഭിപ്രായം. വസ്ത്രം പോലും ധരിക്കാതെ വേണം അവര്‍ക്കിടയിലേക്കു ചെല്ലേണ്ടത്. യൂണിഫോമില്‍ കാണുന്ന എല്ലാവരെയും കൊല്ലുന്ന രീതിയാണു കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അലന്റെ മൃതദേഹം വീണ്ടെടുക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ ടി.എന്‍ പണ്ഡിറ്റ് മുന്നോട്ടു വന്നു. 1966ലും 1991ലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രവേശിച്ചു ഗോത്രവര്‍ഗക്കാരുമായി ഇടപെട്ടിട്ടുളള അനുഭവത്തിന്റെ വെളിച്ചത്തിലാണു 83കാരനായ പണ്ഡിറ്റ് നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടു വന്നത്.

ഇന്ത്യയുടെ നരവംശശാസ്ത്ര സര്‍വേയുടെ ഭാഗമായിട്ടായിരുന്നു അതിസാഹസികമായ ദൗത്യത്തിന് അദ്ദേഹം അന്നു മുതിര്‍ന്നത്. നാളികേരം, ഇരുമ്പ് കഷണങ്ങള്‍ എന്നിവ സെന്റിനെലസ് ഗോത്രവര്‍ഗക്കാര്‍ക്കു സമ്മാനമായി നല്‍കി അവരെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ ആദ്യനിര്‍ദേശം.

വിദഗ്ധരുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ കാരണം ആശയക്കുഴപ്പത്തിലായിരിക്കുന്നത് പൊലീസാണ്. ജോണ്‍ ചൗവിന്റെ കുടുബത്തിന്റെയും അതേസമയം സെന്റിനലി ഗോത്രക്കാരെയും പരിഗണിച്ചുകൊണ്ടു മാത്രമെ പൊലീസിനു മുന്‍പോട്ടു പോകാനാകുവെന്ന് ആന്‍ഡമാന്‍ പൊലീസ് മേധാവി ദീപേന്ദ്ര പതക് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.