സ്വന്തം ലേഖകന്‍: സ്വന്തം കുഞ്ഞിനെ പ്രസവിച്ച്, മുലയൂട്ടി വളര്‍ത്തുന്ന അമേരിക്കക്കാരനായ പിതാവ് കൗതുകമാകുന്നു. ടൈം മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ അമേരിക്കക്കാരിയായ ജെസി ഹെപലാണ് ഭിന്നലിംഗക്കാരനായ തന്റെ സഹോദരന്റെ അപൂര്‍വമായ അനുഭവം പങ്കുവക്കുന്നത്.
‘ഇപ്പോള്‍ 35 വയസുള്ള ഇവാന്‍ ഒരു പെണ്‍കുട്ടിയായാണ് ജനിച്ചത്. ഇവാന്‍ ഒരു ട്രാന്‍സ്‌ജെന്‍സറാണെന്ന് തിരിച്ചറിഞ്ഞത് 16 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ പുരുഷനായി ജീവിക്കാന്‍ ആരംഭിച്ചിട്ടും കുഞ്ഞിന് ജന്മം നല്‍കുക എന്ന വിചിത്രമായ ആഗ്രഹം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ തന്റെ സ്ത്രീ അവയവങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഇവാന്‍ ഹോര്‍മോണ്‍ ചികിത്സക്ക് വിധേയനാകുകയായിരുന്നു,’ ജെസി പറയുന്നു.
ജെസി ആ വാര്‍ത്ത ട്വിറ്ററിലൂടെ അഭിമാനപൂര്‍വം ലോകത്തെ അറിയിക്കുകയും ചെയ്തു. ‘വിസ്മയകരമാ!യ കാലത്തിലൂടെയാണ് ഞങ്ങള്‍ ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്റെ സഹോദരന്‍ ഒരു കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു,’ എന്നാണ് ജെസി ട്വിറ്ററില്‍ കുറിച്ചത്.
മൂന്ന് വര്‍ഷം മുമ്പാണ് തന്റെ ജീവിത പങ്കാളിയുടെ കൂടി അംഗീകാരത്തോടെ ഇവാന്‍ കുഞ്ഞിനെ പ്രസവിക്കാന്‍ തീരുമാനമെടുത്തത്. അതോടെ പുരുഷ ഹോര്‍മാണായ ടെസ്റ്റോസ്റ്റെറോണ്‍ സ്വീകരിക്കുന്നത് പൂര്‍ണമായും നിര്‍ത്തിവെച്ചു. പിന്നീട് കൃത്രിമ ബീജധാരണത്തിലൂടെ ഗര്‍ഭം ധരിക്കുകയായിരുന്നു.
ഗര്‍ഭധാരണ സമയത്ത് ഉണ്ടായേക്കാവുന്ന ശാരീരിക, മാനസിക സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാകുമോ എന്ന് ബന്ധുക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നു. എങ്കിലും താനത് ആസ്വദിച്ചു എന്നാണ് ഇവാന്റെ പക്ഷം. ഭിന്നലിംഗക്കാരായ പുരുഷന്മാര്‍ ഗര്‍ഭകാലത്ത് സ്വത്വപ്രതിസന്ധി മൂലം കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടാറുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
ഇവാന്റെ ചെസ്റ്റ്ഫീഡിങ് കഴിഞ്ഞ ഉടനെയാണ് ഞാന്‍ ആ മുറിയിലെത്തിയത്. കുഞ്ഞിനെ പ്രസവിച്ച പിതാവെന്ന അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇവാന്‍ പറഞ്ഞത് ഭിന്നലിംഗക്കാരായ തന്റെ സുഹൃത്തുക്കള്‍ പലരും ശരീരമെന്ന തടവറയിലാണ് കഴിയുന്നതെന്നാണ്. പ്രസവവും മുലയൂട്ടലും തന്നെ മറ്റൊരു തരത്തിലും മാറ്റിയിട്ടില്ലെന്നും താന്‍ പഴയ പോലെ മാനസികമായി പുരുഷന്‍ തന്നെയാണെന്നും ഇവാന്‍ പറഞ്ഞതായും ജെസി വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല