സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ ആകാശത്ത് അമേരിക്കയുടെ ശക്തി പ്രകടനം, കൊറിയന്‍ മുനമ്പിലൂടെ യുഎസ് യുദ്ധവിമാനങ്ങള്‍ പറത്തി. ഉത്തര കൊറിയയുടെ തുടര്‍ച്ചയായ പോര്‍വിളികള്‍ക്ക് മറുപടിയായാണ് കൊറിയന്‍ ഉപദ്വീപിന് മുകളിലൂടെ നാല് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും രണ്ട് ബോംബര്‍ വിമാനങ്ങളുടെ കൊറിയയുടെ ആകാശത്ത് കൂടി അമേരിക്ക പറത്തിയത്. എഫ്35ബി ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും ബി1ബി ബോംബര്‍ വിമാനങ്ങളുമാണ് പറന്നതെന്ന് യുഎസ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ദക്ഷിണ കൊറിയ, യുഎസ് സഖ്യകക്ഷികളുടെ സൈനിക ശേഷിയെക്കുറിച്ച് ഉത്തര കൊറിയക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായിരുന്നു ശക്തി പ്രകടനം. അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇക്കഴിഞ്ഞ മൂന്നിന് ഉത്തര കൊറിയ ആറാമത്തെ ആണവ പരീക്ഷണം നടത്തിയിരുന്നു. ജപ്പാന് മുകളിലൂടെ മിസൈല്‍ പറത്തിയും യു.എസിനെ ഉത്തര കൊറിയ വെല്ലുവിളിച്ചു. ഇതിന് മറുപടിയായാണ് അമേരിക്കയുടെ ശക്തി പ്രകടനം.
ഇതിന് മുമ്പ് ഓഗസ്റ്റ് 31 നാണ് അമേരിക്ക ഉത്തര കൊറിയക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയത്. സഖ്യകക്ഷികള്‍ ഇത്തരം ശക്തി പ്രകടനങ്ങള്‍ തുടരുമെന്നും അമേരിക്ക വ്യക്തമാക്കി. ഉത്തര കൊറിയക്കെതിരായ സൈനിക നീക്കം ശക്തമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെഇന്നും സംയുക്തമായി തീരുമാനിച്ചിരുന്നു. ആയുധ ശേഷിയില്‍ അമേരിക്കയ്ക്ക് തുല്യമാകുകയാണ് തന്റെ ലക്ഷ്യമെന്നും അത് നേടുന്നതുവരെ ശ്രമങ്ങള്‍ തുടരുമെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല