സ്വന്തം ലേഖകന്‍: അടിയന്തര ചെലവുകള്‍ക്കുള്ള ബില്‍ സെനറ്റ് മടക്കി; അമേരിക്കയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങും; ട്രംപിന് വന്‍ തിരിച്ചടി. അത്യാവശ്യ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതിന് അനുമതി നല്‍കുന്ന ബില്‍ സെനറ്റ് നിരാകരിച്ചതിനെ തുടര്‍ന്നാണ് യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിച്ചത്. പ്രതിരോധവിഭാഗമായ പെന്റഗണ്‍ ഉള്‍പ്പെടെ ഫെഡറല്‍ സര്‍ക്കാരിനു കീഴിലുള്ള വകുപ്പുകള്‍ക്കു ഫെബ്രുവരി 16 വരെയുള്ള ചെലവിനു പണം അനുവദിക്കുന്ന ബില്ലാണു പ്രതിപക്ഷമായ ഡമോക്രാറ്റിക് പാര്‍ട്ടി തടഞ്ഞത്.
നൂറംഗ സെനറ്റില്‍ ബില്‍ പാസാകാന്‍ 60 വോട്ടുകളാണു വേണ്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 51 അംഗങ്ങളുണ്ടെങ്കിലും ലഭിച്ചത് 50 മാത്രം. ഇതോടെ 13 ലക്ഷം സൈനികര്‍ക്കും ഇത്തവണ ശമ്പളമുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസിലെ 1700 ജീവനക്കാരില്‍ 1056 പേര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കും. ദേശീയ പാര്‍ക്കുകള്‍, മ്യൂസിയം തുടങ്ങിയവ അടഞ്ഞു കിടക്കും.
എന്നാല്‍ സാമൂഹിക സുരക്ഷ, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ഗതാഗത സുരക്ഷ, തപാല്‍ തുടങ്ങിയവ പ്രവര്‍ത്തിക്കും.
യുഎസില്‍ അഞ്ചു വര്‍ഷത്തിനിടെയുണ്ടാകുന്ന രണ്ടാമതു സാമ്പത്തിക സ്തംഭനമാണിത്. ബറാക് ഒബാമ പ്രസിഡന്റായിരിക്കുമ്പോള്‍ 2013 ഒക്ടോബറില്‍ 16 ദിവസത്തെ സാമ്പത്തിക സ്തംഭനമുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല