സ്വന്തം ലേഖകൻ: യുഎസിൽ സ്ഥിരതാമസാനുമതിക്കായി കാത്തിരിക്കുന്നവർക്ക് ആശ്വാസ വാർത്ത. 1992 മുതൽ അനുവദിച്ചതും ഉപയോഗിക്കാതെ കിടക്കുന്നതുമായ 2.3 ലക്ഷം ഗ്രീൻ കാർഡുകൾ തിരിച്ചെടുത്ത് ആവശ്യക്കാർക്കു നൽകാനുള്ള നിർദേശം യുഎസ് പ്രസിഡന്റിന്റെ ഉപദേശക സമിതി അംഗീകരിച്ചു. ഗ്രീൻ കാർഡ് വെയ്റ്റ് ലിസ്റ്റിലെ അപേക്ഷകരുടെ എണ്ണം കഴിഞ്ഞ 2 പതിറ്റാണ്ടു കൊണ്ട് നൂറിരട്ടിയായ സാഹചര്യത്തിലാണിത്.
ഇങ്ങനെ തിരിച്ചെടുക്കുന്ന കാർഡുകൾ 1992 മുതൽ അനുവദിച്ചതാണ്. ഇവയിൽ ഒരു ഭാഗം വീതം വർഷം തോറും നൽകിവരുന്ന 1,40,000 പുതിയ ഗ്രീൻ കാർഡുകൾക്കു പുറമേ അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏഷ്യൻ അമേരിക്കൻ, ഹവായ്, പസിഫിക് ജനതകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യുഎസ് പ്രസിഡന്റ് ഉപദേശം തേടുന്ന സമിതിയിലെ അജയ് ഭൂട്ടോരിയയാണ് ഈ ആശയം മുന്നോട്ടു വച്ചത്.
യുഎസ് പൗരത്വ പരീക്ഷയിൽ ഭേദഗതികൾക്ക് സാധ്യത. ഇനി മുതൽ പരീക്ഷയിൽ പങ്കെടുക്കുന്നവരുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം കൂടുതല്‍ കർശനമായി പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ. യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 2021 ൽ പരീക്ഷ പരിഷ്കരിക്കുന്നതിനായി പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നിരുന്നു. രൂക്ഷമായ വിമർശനം ക്ഷണിച്ച് വരുത്തിയ ഈ നടപടി ജോ ബൈഡൻ അധികാരമേറ്റതോടെ തിരുത്തി പഴയ മാനദണ്ഡങ്ങൾ പുനഃസ്ഥാപിച്ചു.
മാനദണ്ഡങ്ങൾ പുനഃസ്ഥാപിച്ചതായി അറിയിച്ചെങ്കിലും പരീക്ഷയുടെ കാഠിന്യം കുറഞ്ഞില്ലെന്ന് ആക്ഷേപം നിലനിൽക്കുകയാണ്. ഇതിനിടെയാണ് വീണ്ടും കൂടുതൽ കർശന മാനദണ്ഡങ്ങൾ നടപ്പിലാക്കാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്. അടുത്ത വർഷം മുതൽ പുതിയ രീതിയിലുള്ള പരീക്ഷ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസസ് പരീക്ഷയിലെ സ്പോക്കൺ ഇംഗ്ലീഷ് സെക്ഷനാണ് പരിഷ്കരിക്കുന്നത്. ഒരു ഓഫീസർ ചില കഥാഖ്യാന ചിത്രങ്ങൾ കാണിക്കും. വളരെ സാധാരണ ദിനചര്യകൾ, കാലാവസ്ഥ, ഭക്ഷണം എന്നിവയുടെ ചിത്രങ്ങളാവാം. പരീക്ഷയ്ക്കു ഹാജരാകുന്ന വ്യക്തിയോട് ഈ ചിത്രങ്ങൾ വിശദീകരിക്കുവാൻ ആവശ്യപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല