സ്വന്തം ലേഖകന്‍: യുഎസില്‍ തോക്കുകള്‍ ഇനിയും കഥ പറയും, തോക്കുവില്പന നിയന്ത്രണണ നിര്‍ദേശം യുഎസ് സെനറ്റ് തള്ളി. ഒര്‍ലാന്‍ഡോ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന നാലു നിര്‍ദേശങ്ങളാണ് യുഎസ് സെനറ്റ് വോട്ടിനിട്ടു തള്ളിയത്. ഒര്‍ലാന്‍ഡോയില്‍ ഒമര്‍ മതീന് എന്ന ഇസ്ലാമിസ്റ്റ് തീവ്രവാദി നടത്തിയ വെടിവയ്പില്‍ 49 പേര് കൊല്ലപ്പെട്ടിരിന്നു.
ഭീകരരെന്നു സംശയിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള തോക്കുവില്പന നിയന്ത്രിക്കുന്നതിനും തോക്കുവാങ്ങുന്നവരുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള അന്വേഷണം വിപുലമാക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണു തള്ളപ്പെട്ടത്. രണ്ടു നിര്‍ദേശങ്ങള്‍ ഡെമോക്രാറ്റുകളും രണ്ടെണ്ണം റിപ്പബ്ലിക്കന്മാരും സമര്‍പ്പിച്ചു.
റിപ്പബ്ളിക്കന്മാര്ക്കു ഭൂരിപക്ഷമുള്ള 100 അംഗ സെനറ്റില്‍ നിര്‍ദേശങ്ങള്‍ പാസാവാന്‍ 60 വോട്ടു വേണം. നാലു നിര്‍ദേശങ്ങളും വോട്ടിനിട്ടെങ്കിലും ആവശ്യമായ പിന്തുണ കിട്ടിയില്ല. തോക്കുനിയന്ത്രണം കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ട സെനറ്റിനെ വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല