1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2018

സ്വന്തം ലേഖകന്‍: റോഹിങ്ക്യന്‍ കൂട്ടക്കൊലയ്‌ക്കെതിരെ ഒന്നും മിണ്ടിയില്ല; ഓങ്‌സാന്‍ സൂചിയുടെ അന്താരാഷ്ട്ര പുരസ്‌കാരം തിരിച്ചെടുത്തു. യു.എസിലെ ഹോളോകോസ്റ്റ് മ്യൂസിയം സൂചിക്ക് നല്‍കിയ പുരസ്‌കാരമാണ് റദ്ദാക്കിയത്. രാഖൈന്‍ പ്രവിശ്യയില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ തടയുന്നതില്‍ സൂചി പരാജയമെന്നു വിലയിരുത്തിയാണ് പുരസ്‌കാരം തിരിച്ചെടുത്തത്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി നടത്തിയ പോരാട്ടങ്ങള്‍ പരിഗണിച്ച് 2012ലാണ് ഹോളോകോസ്റ്റ് മ്യൂസിയം സൂചിക്ക് പുരസ്‌കാരം നല്‍കിയത്.

സൂചി നിരാശപ്പെടുത്തിയെന്നാണ് പുരസ്‌കാര സമിതിയുടെ കണ്ടെത്തല്‍. റോഹിങ്ക്യകള്‍ക്കെതിരെ 2016 മുതല്‍ തുടങ്ങിയ ആക്രമണങ്ങള്‍ക്കെതിരെ, മനുഷ്യാവകാശങ്ങളുടെ കാവല്‍പോരാളിയെന്ന് ആഘോഷിക്കപ്പെട്ട സൂചി ശബ്ദമുയര്‍ത്തുമെന്ന് ഞങ്ങള്‍ പ്രത്യാശിച്ചു. നിരാശയായിരുന്നു ഫലമെന്ന് പുരസ്‌കാരസമിതി എഴുതിയ കത്തില്‍ പറയുന്നു. ‘നിഷ്പക്ഷ മനോഭാവം ഇരകളെയല്ല മര്‍ദകനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. നിശ്ശബ്ദത പീഡകന് വളമാകും. പീഡിപ്പിക്കപ്പെടുന്നവന് ആശ്വാസമാകില്ല’ എന്നും കത്തില്‍ പറയുന്നു.

റോഹിങ്ക്യന്‍ കൂട്ടക്കുരുതിയെ കുറിച്ച് അന്വേഷിക്കാനായി നിരവധി തവണ മ്യൂസിയം അധികൃതര്‍ മ്യാന്മറിലും ബംഗ്ലാദേശിലും സന്ദര്‍ശനം നടത്തിയിരുന്നു. രാഖൈനില്‍ റോഹിങ്ക്യകള്‍ക്കെതിരെ നടക്കുന്ന വംശഹത്യ പുറംലോകത്തെ അറിയിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെപ്പോലും സൂചി നേതൃത്വം നല്‍കുന്ന നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി തടയുകയാണെന്നും സമിതി കുറ്റപ്പെടുത്തി. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള മ്യൂസിയം അധികൃതരുടെ നടപടി ഖേദകരമാണെന്ന് സൂചിയുടെ വക്താവ് പ്രതികരിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.