സ്വന്തം ലേഖകന്‍: അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം ഉലയുന്നു; പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് യുഎസില്‍ കൂടുതല്‍ യാത്രാ നിയന്ത്രണങ്ങള്‍. അമേരിക്കയിലുള്ള പാകിസ്താന്റെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മെയ് ഒന്നുമുതല്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പാക് വിദേശകാര്യ മന്ത്രാലയത്തിനും വാഷിങ്ടണിലുള്ള പാക് സ്ഥാനപതി കാര്യാലയത്തിനും ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ജോലിക്കായി നിയോഗിച്ചിട്ടുള്ള സ്ഥലത്തുനിന്ന് 25 മൈല്‍ ദൂരപരിധിയില്‍ മാത്രമെ പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദമുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ദൂരപരിധിക്കപ്പുറം യാത്രചെയ്യാണമെങ്കില്‍ അഞ്ച് ദിവസം മുമ്പെങ്കിലും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ടെന്നും ഡോണ്‍ ദിനപത്രം അടക്കമുള്ളവയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്താനിലുള്ള അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ നിയന്ത്രണങ്ങള്‍ ഉള്ളകാര്യം അറിയിപ്പില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കറാച്ചിയിലും ഗോത്രവര്‍ഗ മേഖലകളിലും പോകുന്നതിന് യു.എസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുള്ള വിലക്കിനെപ്പറ്റിയാണ് പരാമര്‍ശമുള്ളത്. സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള ജാഗ്രതാ നിര്‍ദ്ദേശം മാത്രമാണിതെന്നും യാത്രാവിലക്കല്ലെന്നും പാക് സൈന്യം അവകാശപ്പെട്ടിരുന്നു.
അതിനിടെ, യാത്രാ നിയന്ത്രണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ നിയന്ത്രണങ്ങള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. എന്നാല്‍ ഭാവിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമോയെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാകില്ലെന്നും വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല