1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2017

സ്വന്തം ലേഖകന്‍: ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസാ അപേക്ഷ, കടുത്ത മാനദണ്ഡങ്ങളുമായി അമേരിക്ക, അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍ക്കോ ബിസിനസ് കാര്യങ്ങള്‍ക്കോ മാത്രം വിസ. സിറിയ, ഇറാന്‍, യെമന്‍, സുഡാന്‍, ലിബിയ, സൊമാലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ഥികള്‍ക്കുമാണ് നിയന്ത്രണം. അമേരിക്കയില്‍ അടുത്ത ബന്ധുക്കളോ അവിടത്തെ സ്ഥാപനങ്ങളുമായി ഔദ്യോഗിക ബന്ധമോ ഉള്ളവര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാമെന്ന് യു.എസ്. വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള ട്രംപ് ഗവണ്‍മെന്റിന്റെ വിവാദ ഉത്തരവ് നേരത്തെ ഫെഡറല്‍ കോടതി മരവിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം അത് സുപ്രീംകോടതി ഭാഗികമായി പുനസ്ഥാപിച്ചിരുന്നു. ഇതിന് പിന്നിലെയാണ് തീരുമാനം. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കേബിളിനെ ആധാരമാക്കി അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആറ് രാജ്യങ്ങളിലെ യുഎസ് എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍, ഭാര്യ, കുട്ടികള്‍, പ്രായപൂര്‍ത്തിയായ മക്കള്‍, മരുമക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ അമേരിക്കയിലുണ്ടെങ്കില്‍ മാത്രമേ വിസ ലഭിക്കൂ. കൊച്ചുമക്കള്‍, അമ്മാവന്മാര്‍, അമ്മായിമാര്‍, അനന്തരവന്മാര്‍, അനന്തരവളുമാര്‍, കസിന്‍സ്, ഭാര്യാസഹോദരന്‍, സഹോദരീ ഭര്‍ത്താവ്, ഭാര്യാസഹോദരി, സഹോദരന്റെ ഭാര്യ, ഭര്‍തൃ സഹോദരി, ഭര്‍തൃസഹോദരന്‍, പ്രതിശ്രുത വരന്‍, വധു, അകന്ന ബന്ധമുള്ളവര്‍ തുടങ്ങിയ ബന്ധത്തില്‍പ്പെട്ടവരൊന്നും ഉണ്ടായിട്ട് കാര്യമില്ല.

പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച് അന്തിമരൂപം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലാണ് സ്റ്റേറ്റ്, ജസ്റ്റിസ്, ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പുകള്‍. യു.എസ്. സ്ഥാപനങ്ങളുമായുള്ള ബന്ധം ഔദ്യോഗികവും രേഖാമൂലമുള്ളതും ആയിരിക്കണമെന്നും യാത്ര വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവിനെ മറികടക്കാനായി ഉണ്ടാക്കിയത് ആവരുതെന്നും മാര്‍ഗനിര്‍ദേശത്തി പറയുന്നു. മാര്‍ച്ച് ആറിനാണ് ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ അമേരിക്കയില്‍ കടക്കുന്നത് മൂന്നു മാസത്തേക്ക് വിലക്കി ട്രംപ് ഉത്തരവിറക്കിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.