സ്വന്തം ലേഖകന്‍: ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനെ ഉള്‍പ്പെടുത്തി യുഎസ് റിപ്പോര്‍ട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ ‘കണ്‍ട്രി റിപ്പോര്‍ട്ട് ഓണ്‍ ടെററിസം’ വാര്‍ഷിക റിപ്പോര്‍ട്ടിലാണു പാക്കിസ്ഥാനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരസംഘടനകളായ ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയവ പാക്കിസ്ഥാനില്‍ നിര്‍ബാധം പ്രവര്‍ത്തനവും പരിശീലനവും തുടരുകയും പണം സമാഹരിക്കുകയും ചെയ്യുന്നുണ്ടെന്നും 2016ലെ കണക്കുകള്‍ വച്ചു റിപ്പോര്‍ട്ട് പറയുന്നു.
ബുധനാഴ്ച പുറത്തുവിട്ട ഔദ്യോഗിക വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശമുള്ളത്. ഇത്തരം ഭീകരാക്രമണങ്ങളുടെ ഇര ഇന്ത്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ചും ഇന്ത്യയിലെ ഐഎസ് റിക്രൂട്ട്‌മെന്റിനെക്കുറിച്ചും ഭീകരാക്രമണ പദ്ധതികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാനിലെ യുഎസ് താല്‍പര്യങ്ങളെ ഹനിക്കുന്ന അഫ്ഗാന്‍ താലിബാന്‍, ഹഖ്ഖാനി ശൃംഖല തുടങ്ങിയവയെ അമര്‍ച്ച ചെയ്യാന്‍ കാര്യമാത്രമായ നടപടികള്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
അഫ്ഗാനിസ്ഥാന്റെ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളില്‍ ഇരു സംഘടനകളെയും എത്തിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ അവര്‍ ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.അഫ്ഗാനിസ്ഥാന്‍, സൊമാലിയ, ട്രാന്‍സ് സഹാറാ മേഖല, സുലു / സുലാവെസി സീസ് ലിറ്റൊറല്‍, തെക്കന്‍ ഫിലിപ്പീന്‍സ്, ഈജിപ്ത്, ഇറാഖ്, ലെബനന്‍, ലിബിയ, യെമന്‍, കൊളംബിയ, വെനസ്വേല തുടങ്ങിയവയാണ് യുഎസ് പട്ടികയില്‍ ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്ന മറ്റു രാജ്യങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല