1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2024

സ്വന്തം ലേഖകൻ: അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കുനേരെ കവര്‍ച്ചക്കാരുടെ ആക്രമണം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിര്‍ അലി എന്ന യുവാവിനാണ് കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ പരിക്കുപറ്റിയത്. വായില്‍നിന്നും മൂക്കില്‍നിന്നും ചോരയൊലിക്കുന്ന നിലയില്‍ യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തി. ഇന്ത്യാന വെസ്ലിയന്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് അലി.

വീട്ടിലേക്ക് വരുന്നതിനിടെ നാലുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്ന് അലി സഹായം അഭ്യര്‍ഥിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. വീടിന് അടുത്തുവെച്ചായിരുന്നു ആക്രമണം. ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്തതായും വീഡിയോയില്‍ പറയുന്നു. അലിയുടെ കൈയ്യിലുണ്ടായിരുന്ന പണവും മറ്റും ഇവര്‍ കൊള്ളയടിക്കുകയും ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഇയാളുടെ അടുത്തേക്ക് പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ സ്യേദ റുഖിലിയ ഫാത്തിമ റിസ്‌വി സര്‍ക്കാരിന് നിവേദനം നല്‍കി. ഭര്‍ത്താവിന്റെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയുണ്ടെന്നും അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കുന്നതിന് വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. തനിക്കും മക്കള്‍ക്കും ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ അവസരമൊരുക്കണമെന്നും നിവദേനത്തില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുനേരെ നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത അക്രമസംഭവങ്ങളില്‍ ജനുവരിയില്‍ മാത്രം നാല് വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.