സ്വന്തം ലേഖകൻ: അമേരിക്കയിൽ 18-കാരനായ ഇന്ത്യൻ വിദ്യാർഥി അകുൽ ധവാനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. നിശാക്ലബ്ബ് സന്ദർശിക്കാനെത്തിയ വിദ്യാർഥിയെ അകത്ത് പ്രവേശിപ്പിക്കാതിരുന്നതിനെ തുടർന്ന് പുറത്തെ തണുത്ത കാലാവസ്ഥ മൂലം തണുത്ത് മരവിച്ചാണ് വിദ്യാർഥി മരിച്ചതെന്നാണ് കണ്ടെത്തൽ.
ധവാൻ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസിലെ കമ്പ്യൂട്ടർ എഞ്ചിനിയറിങ് വിദ്യാർഥിയായിരുന്ന അകുൽ യുണിവേഴ്സിറ്റിക്കടുത്തുള്ള കെട്ടിടത്തിനു പിന്നിൽ തണുത്ത് മരവിച്ച് മരിച്ചനിലയിൽ ജനുവരി 20-ന് ആണ് കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം സർവകലാശാലയ്ക്കരികിലുള്ള നിശാക്ലബ്ബിൽ ചെലവഴിക്കാൻ പോയതായിരുന്നു അകുൽ. എന്നാൽ, സമയം കഴിഞ്ഞതിനാൽ അകുലിന് ക്ലബ്ബിൽ പ്രവേശനം നൽകിയില്ല. പലതവണ ഉള്ളിൽ കടക്കാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല.
ഇതിനുപിന്നാലെ വാഹനത്തിൽകയറി പോയ അകുലിനെ ബന്ധപ്പെടാൻ സുഹൃത്തുക്കൾ നിരന്തരം ഫോൺ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ പരാതിപ്പെട്ടു. പോലീസെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇല്ലിനോയിസിൽ കടുത്ത തണുപ്പും മഞ്ഞുകാറ്റും അനുഭവപ്പെട്ടിരുന്ന സമയമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
പിറ്റേദിവസം രാവിലെയാണ് അകുലിനെ തണുത്ത് മരവിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. സർവകലാശാലയിലെ ജോലിക്കാരനാണ് കെട്ടിടത്തിന്റെ പിന്നിലായി ഒരാൾ കിടക്കുന്ന കാര്യം ക്യാമ്പസ് അധികൃതരെ അറിയിച്ചത് . ഉടൻ തന്നെ പോലീസ് എത്തി. എന്നാൽ കണ്ടെത്തുന്ന സമയത്ത് തന്നെ അകുൽ മരിച്ചു കഴിഞ്ഞിരുന്നുവെന്ന് പോലീസ് പറയുന്നു.
സംഭവദിവസം പ്രദേശത്ത് -30 ആയിരുന്നു അന്തരീക്ഷ താപനില. അമിതമായി മദ്യപിച്ച അകുൽ താങ്ങാനാവാത്ത തണുപ്പുമൂലം മരിച്ചതാവാമെന്നാണ് പോലീസ് നിഗമനം. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല