സ്വന്തം ലേഖകൻ: യുഎസ് സംസ്ഥാനമായ ഇന്ത്യാനയിലെ ഫിറ്റ്നസ് സെന്ററിൽ വെച്ച് കുത്തേറ്റ ഇന്ത്യൻ വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുന്നു. ജീവൻ രക്ഷാമരുന്നുകളുടെ സഹായത്തോടെയാണ് കുത്തേറ്റ പി. വരുൺ രാജ്(24) ആശുപത്രിയിൽ കഴിയുന്നതെന്നാണ് വിവരം. ഞായറാഴ്ച രാവിലെ ജിമ്മിൽ വെച്ച്
ജോർഡൻ ആൻഡ്രാഡ് ആണ് വരുൺ രാജിനെ കുത്തിപ്പരിക്കേൽപിച്ചത്. യുഎസിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു വരുൺ. ആക്രമിക്കാനുള്ള കാരണത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. മൂന്നുദിവസമായി ചികിത്സയിലുള്ള വരുണിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
കൂടാതെ ഗുരുതരമായ ന്യൂറോളജിക്കൽ വൈകല്യമുണ്ട്. വരുണിന്റെ ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചാലും എന്തെങ്കിലും തരത്തിലുള്ള വൈകല്യം ഉണ്ടാകാനും ഭാഗികമായോ പൂർണമായോ കാഴ്ച നഷ്ടപ്പെടാനും ഇടതുവശം കുഴഞ്ഞുപോകാനും സാധ്യതയുണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
അക്രമം നടത്തിയ ജോർഡനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ കൊലപാതകക്കുറ്റത്തിനും ആയുധം കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്. പരിക്കുകൾ ഗുരുതരമായതിനാൽ വരുണിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അക്രമത്തിൽ വരുൺ പഠിക്കുന്ന കോളജ് നടുക്കം രേഖപ്പെടുത്തിയിരുന്നു.
വരുണിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി യൂനിവേഴ്സിറ്റി വൈസ് പ്രസിഡന്റ് അറിയിച്ചു. ചികിത്സക്കായി നോർത്ത് അമേരിക്കൻ തെലുഗു സമൂഹം ധനസമാഹരണം തുടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല