സ്വന്തം ലേഖകന്‍: ആണവ കരാറില്‍ നിന്ന് ഭാഗികമായി പിന്‍മാറിയതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അമേരിക്കന്‍ നേതൃത്വത്തില്‍ 2015ല്‍ വന്‍ശക്തി രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ഇറാന്‍ ഭാഗികമായി പിന്മാറി. ഉടമ്പടിയില്‍ ഒപ്പുവെച്ച രാഷ്ട്രങ്ങള്‍ കരാര്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് പിന്മാറ്റം. രണ്ട് മാസത്തിനകം വാഗ്ദാനങ്ങള്‍ പാലിക്കാന്‍ രാഷ്ട്രങ്ങള്‍ തയ്യാറായില്ലെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണമടക്കം പുനരാരംഭിക്കാനാണ് ഇറാന്റെ പദ്ധതി.
ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയാണ് ടെലിവിഷന്‍ പ്രഭാഷണത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2015ല്‍ ബറാക് ഒബാമ സര്‍ക്കാര്‍ ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്മാറിയിരുന്നു. ഈ പിന്മാറ്റത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ ബുധനാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്ത ഇറാന്‍ പ്രസിഡന്റ്, കരാര്‍ പാലിക്കുന്നതില്‍ അമേരിക്കയടക്കം വന്ശ!ക്തി രാഷ്ട്രങ്ങളെല്ലാം പരാജയമാണെന്ന് ആരോപിച്ചു.
ആണവ നിരായുധീകരണ നടപടികളില്‍ സഹകരിക്കുന്നതിന് പകരമായി ഇറാന് മേലുള്ള സാമ്പത്തിക, വാണിജ്യ ഉപരോധത്തില്‍ ഇളവുവരുത്തുമെന്ന കരാറില്‍ അമേരിക്കക്കൊപ്പം ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ചൈന, റഷ്യ എന്നീ രാഷ്ട്രങ്ങളെല്ലാം ഒപ്പുവെച്ചിരുന്നു. എന്നാല്‍ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെ, യു.എസ് ഉപരോധത്തില്‍ നിന്ന് ഇറാന്റെ എണ്ണ, ബാങ്കിങ് മേഖലകളെ സംരക്ഷിക്കാന്‍ മറ്റ് രാഷ്ട്രങ്ങള്‍ക്ക് കഴിയുന്നില്ലെന്നാണ് ഇറാന്റെ പരാതി.
ഈ നിലയില്‍ കരാര്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ പ്രസിഡന്റിന്റെ പിന്മാറ്റപ്രഖ്യാപനം. അതിനിടെ, ഒരു കാരണവശാലും ആണവശക്തിയാകാന്‍ ഇറാനെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു രംഗത്തെത്തി. ആണവകരാറില്‍ നിന്ന് പിന്മാറുകയാണെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് ഇസ്രായേലിന്റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല