സ്വന്തം ലേഖകൻ: യുഎസ് വ്യോമാതര്‍ത്തിയില്‍ കണ്ടെത്തിയ അജ്ഞാത വസ്തുവിനെ പോർവിമാനം വെടിവച്ച് വീഴ്ത്തി. അലക്‌സയില്‍ 40,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വസ്തുവിനെയാണ് യുഎസ് സൈന്യം തകര്‍ത്തത്. 24 മണിക്കൂർ സമയം നിരീക്ഷിച്ച ശേഷമാണ് ദൗത്യം നടപ്പിലാക്കിയത്. വിമാന സര്‍വീസുകള്‍ക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് അജ്ഞാത വസ്തുവിനെ വെടിവച്ച് വീഴ്ത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.
തന്റെ ഉത്തരവനുസരിച്ച് കനേഡിയൻ വ്യോമാതിർത്തിയിൽ യുഎസ് യുദ്ധവിമാനം ‘അജ്ഞാത വസ്തു’ വെടിവച്ചിട്ടതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. യുഎസ് എഫ് -22 പോർവിമാനമാണ് മിസൈൽ തൊടുത്ത് അജ്ഞാത വസ്തുവിനെ വെടിവച്ചു വീഴ്ത്തിയതെന്നും ട്രൂഡോ ട്വിറ്ററിൽ കുറിച്ചു. ഈ വസ്തു സിലിണ്ടർ ആകൃതിയിലുള്ളതും കഴിഞ്ഞ ആഴ്ച വെടിവച്ചിട്ട ചൈനീസ് ബലൂണിനെക്കാൾ ചെറുതുമാണെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി അനിത ആനന്ദും പറഞ്ഞു.
ട്രൂഡോയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും വെടിവയ്പ്പിന് അംഗീകാരം നൽകിയതായി വൈറ്റ്‌ഹൗസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് അലാസ്കയിൽ അജ്ഞാത വസ്തു ആദ്യമായി കണ്ടതെന്ന് പെന്റഗൺ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് വടക്കേ അമേരിക്കൻ വ്യോമാതിർത്തിയിൽ യുഎസ് വിമാനം വിവിധ വസ്തുക്കളെ വെടിവച്ച് വീഴ്ത്തുന്നത്. വെള്ളിയാഴ്ച അലാസ്കയിൽ മറ്റൊരു അജ്ഞാത വസ്തുവിനെ വീഴ്ത്തിയതിനും ഫെബ്രുവരി 4 ന് യുഎസ് എഫ്-22 പോർവിമാനം ചൈനീസ് നിരീക്ഷണ ബലൂൺ വെടിവച്ച് വീഴ്ത്തിയതിനും പിന്നാലെയാണ് പുതിയ സംഭവം.
ഇപ്പോൾ വെടിവച്ചിട്ട വസ്തു എന്താണെന്നോ കഴിഞ്ഞയാഴ്ച വെടിവച്ചിട്ട ചാര ബലൂണുമായോ വെള്ളിയാഴ്ച അലാസ്കയ്ക്ക് മുകളിൽ വെടിവച്ചിട്ട അജ്ഞാത വസ്തുവുമായോ ഇതിന് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കനേഡിയൻ പ്രധാനമന്ത്രി സംസാരിച്ചു. യുഎസ് ഡിഫൻസ് സെക്രട്ടറി ലോയിഡ് ആസ്റ്റിനുമായി കാനഡ പ്രതിരോധ മന്ത്രിയും വിഷയം ചർച്ച ചെയ്തിരുന്നു. ഇരു രാജ്യങ്ങളുടേയും പരമാധികാരം എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി അനിത ആനന്ദും ട്വീറ്റ് ചെയ്തു.
എഐഎം 9എക്‌സ് മിസൈൽ ഉപയോഗിച്ച് യുഎസ് എഫ്-22 ആണ് വസ്തുവിനെ വെടിവച്ചിട്ടത്. ഏകദേശം 40,000 അടി ഉയരത്തിൽ പറന്ന ഈ വസ്തു കനേഡിയൻ വ്യോമാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ചതാണെന്നും ഇത് യാത്രാ വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കണ്ടെത്തി. തുടർന്നാണ് വെടിവച്ചിടാൻ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല