സ്വന്തം ലേഖകന്‍: ‘ഞങ്ങളിനി ഇവിടെ തുടരണോ?’ അമേരിക്കയില്‍ പ്രവാസിയായി ജീവിക്കുന്നതില്‍ ആശങ്ക തുറന്നുപറഞ്ഞ് വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യന്‍ എഞ്ചിനീയറുടെ ഭാര്യ സുനന്യ ദുമല, പൊതുസ്ഥലങ്ങളില്‍ മാതൃഭാഷ ഉപയോഗിക്കരുതെന്ന് പ്രവാസി ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രചാരണം ശക്തമാകുന്നു. അമേരിക്കയില്‍ ജീവിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം ശക്തമായ നടപടി എടുക്കണമെന്നും സുനന്യ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അമേരിക്കയില്‍ നല്ലത് മാത്രമെ സംഭവിക്കു എന്നാണ് തന്റെ ഭര്‍ത്താവ് പറഞ്ഞിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊല്ലപ്പെട്ട ശ്രീനിവാസ കുചിഭോത്‌ല ജോലി ചെയ്തിരുന്ന കമ്പനി ഒരുക്കിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള വംശീയ ആക്രമണങ്ങള്‍ തടയാന്‍ അമേരിക്കന്‍ ഗവര്‍ണ്‍മെന്റ് എന്ത് നടപടിയെടുക്കുന്നുവെന്നതില്‍ താന്‍ അത്ഭുതപ്പെടുന്നുവെന്ന് സുനന്യ പറയുന്നു. നേരത്തെയുണ്ടായ വെടിവെയ്പ്പുകള്‍ കാരണം അമേരിക്കയില്‍ ഇനി ജീവിക്കേണ്ടതുണ്ടോ എന്നകാര്യം ആലോചിച്ചതാണെന്നും എന്നാല്‍ അമേരിക്കയില്‍ നല്ലത് മാത്രമെ സംഭവിക്കു എന്നാണ് തന്റെ ഭര്‍ത്താവ് പറഞ്ഞിരുന്നതെന്നും അവര്‍ പറഞ്ഞു.
ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുപം റായ് സുനന്യയ്‌ക്കൊപ്പമുണ്ടായിരുന്നു. പ്രദേശത്തെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളോടൊപ്പം കന്‍സാസിലെ ബാറില്‍ ഇരിക്കുമ്പോഴാണ് ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോട്‌ലയെ അദാം പ്യൂരിന്റോണ്‍ എന്ന അമേരിക്കക്കാരന്‍ വെടിവെച്ച് കൊന്നത്. യു.എസ് നാവികസേനയില്‍ ജോലി ചെയ്തിരുന്നയാളാണ് ഇയാള്‍. ‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. വെടിവപ്പില്‍ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യു.എസ് സംസ്ഥാനമായ കന്‍സാസിലെ ഓലാതെയില്‍ ഗാര്‍മിന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് ശ്രീനിവാസ് ജോലി ചെയ്തിരുന്നത്.
ശ്രീനിവാസിന്റെ കൊലപാതകത്തെ തുടര്‍ന്ന് യുഎസില്‍ പൊതുസ്ഥലത്ത് മാതൃഭാഷയോ ഏതെങ്കിലും ഇന്ത്യന്‍ ഭാഷയോ ഉപയോഗിക്കരുതെന്ന് ഇന്ത്യക്കാര്‍ക്കിടയില്‍ പ്രചാരണം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ശ്രീനിവാസിനെതിരെ നടന്നത് വംശീയ ആക്രമണമാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം ഇന്ത്യക്കാര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. തെലങ്കാനയില്‍ നിന്നുള്ളവര്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ ഭയാശങ്കകള്‍ നിലനില്‍ക്കുന്നത്. പൊതുസ്ഥലത്ത് മറ്റുള്ളവരുമായി തര്‍ക്കത്തിലേര്‍പ്പെടരുത്, ആരെങ്കിലും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ തര്‍ക്കത്തിന് നില്‍ക്കാതെ അവിടെനിന്ന് മാറിപ്പോവുക, പൊതുസ്ഥലത്ത് ഇംഗ്ലീഷില്‍ മാത്രം സംസാരിക്കുക, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒറ്റക്ക് സഞ്ചരിക്കാതിരിക്കുക, അടിയന്തര സാഹചര്യങ്ങളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെടുക, സംശയകരമായി എന്തെങ്കിലും കണ്ടത്തെിയാല്‍ അധികൃതരെ അറിയിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് വിദേശ ഇന്ത്യക്കാര്‍ക്ക് തെലങ്കാന അമേരിക്കന്‍ തെലുഗു അസോസിയേഷന്‍ നല്‍കിയിരിക്കുന്നത്.
അതേസമയം, കാലിഫോര്‍ണിയ, വാഷിങ്ടണ്‍ ഡി.സി, ന്യൂയോര്‍ക് എന്നിവിടങ്ങളിലെ ഇന്ത്യക്കാര്‍ വംശീയ ആക്രമണങ്ങളെ കുറിച്ച് അത്രമാത്രം ആശങ്കാകുലരല്ല. അമേരിക്കക്കാര്‍ സൗഹൃദത്തോടെയാണ് പെരുമാറുന്നതെന്നും ഈ പ്രദേശങ്ങളില്‍ ആക്രമണത്തിന് സാധ്യത കുറവാണെന്നും സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ ശരത് ദേവുലപള്ളി പറഞ്ഞു. എന്നാല്‍, ട്രംപ് ഭൂരിപക്ഷം നേടിയ മധ്യതെക്കന്‍ അമേരിക്കയില്‍ വംശീയ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപ് ഭരണകൂടത്തിന്റെ എച്ച് 1 ബി വിസാ പരിഷ്‌ക്കരണത്തിനൊപ്പം ഇത്തരം വംശീയ ആക്രമണങ്ങള്‍ കൂടിയായതോടെ യുഎസിലെ നല്ലൊരു ശതമാനം ഇന്ത്യക്കാരും ആശങ്കകുലരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല