സ്വന്തം ലേഖകന്‍: എല്‍ടിടിഇ ഇപ്പോഴും പുലിയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ശ്രീലങ്കന്‍ സേനയുമായുള്ള യുദ്ധത്തില്‍ 2009 ല്‍ തുടച്ചു നീക്കപ്പെട്ടെങ്കിലും എല്‍ടിടിഇയുടെ രാജ്യാന്തര ശൃംഖലയും സാമ്പത്തികസഹായ കേന്ദ്രങ്ങളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2009 ലെ സൈനിക പരാജയത്തിനുശേഷം എല്‍ടിടിഇയുടേതായി ഒരു ആക്രമണവും ശ്രീലങ്കയില്‍ നടന്നിട്ടില്ലെങ്കിലും ഇന്ത്യയിലെ യുഎസ്, ഇസ്രയേല്‍ നയതന്ത്രകേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണത്തിനു പദ്ധതിയിട്ട 13 എല്‍ടിടിഇ അനുഭാവികളെ മലേഷ്യയില്‍ കഴിഞ്ഞവര്‍ഷം അറസ്റ്റ് ചെയ്തിരുന്നതായി യുഎസ് പറയുന്നു. ഭീകരപ്രവര്‍ത്തനം സംബന്ധിച്ചു യുഎസ് സ്റ്റേറ്റ്! ഡിപ്പാര്‍ട്‌മെന്റ് തയാറാക്കിയ രാജ്യം തിരിച്ചുള്ള 2014ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണിത്.
2009 വരെ എല്‍ടിടിഇ ശ്രീലങ്കയിലെ ഭരണകൂട സ്ഥാപനങ്ങള്‍ക്കു നേരെയും ലങ്കന്‍ നേതാക്കള്‍ക്കുനേരെയും കനത്ത ആക്രമണങ്ങള്‍ നടത്തിയിരുന്നു. എതിര്‍ തമിഴ് സംഘടനകളെയും നേതാക്കളെയും ഇല്ലാതാക്കി. ലോകമെങ്ങും ഭയപ്പെട്ടിരുന്ന എല്‍ടിടിഇ ചാവേറുകള്‍ ‘കറുത്ത പുലികള്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്.
2009 മേയിലാണ് എല്‍ടിടിഇ മേധാവി വി. പ്രഭാകരന്‍ അടക്കം എല്‍ടിടിഇയെ കൂട്ടത്തോടെ ശ്രീലങ്കന്‍ സേന ഇല്ലായ്മ ചെയ്തത്. എല്‍ടിടിഇ പുനരുജ്ജീവിപ്പിക്കാനായി പിന്തുണ നല്‍കുന്ന 16 സംഘടനകളും 442 വ്യക്തികളുമുണ്ടെന്നാണ് 2014 മാര്‍ച്ചില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍, ഇതിന് ആധാരമായ തെളിവുകള്‍ ശ്രീലങ്ക നല്‍കിയിട്ടില്ലെന്നും യുഎസ് റിപ്പോര്‍ട്ട് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല