1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2024

സ്വന്തം ലേഖകൻ: അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം ആനന്ദ് സുജിത് ജീവനൊടുക്കുകയായിരുന്നുവെന്ന്‌ യുഎസ് പോലീസിന്റെ സ്ഥിരീകരണം. കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെന്റി ഭാര്യയേയും നാലു വയസ്സുള്ള ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തുകയായിരുന്നു, തുടര്‍ന്ന് ആത്മഹത്യചെയ്‌തെന്നുമാണ്‌ പോലീസിന്റെ കണ്ടെത്തല്‍.

ആനന്ദ് സുജിത് ഹെന്റി(42) ഭാര്യ ആലീസ് പ്രിയങ്ക ബെന്‍സിഗര്‍(40) ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍(4) എന്നിവരുടെ മരണത്തിലാണ് അന്വേഷണം. ദമ്പതികളെ കുളിമുറിയിലാണ് വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തിയത്. കുട്ടികളുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു. ഹെന്റിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 9എംഎം കൈത്തോക്ക് കുളിമുറിയിലെ തറയില്‍ നിന്നാണ് കണ്ടെടുത്തതെന്നും പോലീസ് അറിയിച്ചു.

ഹെന്റിയാണ് നാല് മരണങ്ങളുടെയും ഉത്തരവാദിയെന്ന് സാന്‍ മാറ്റിയോ പോലീസ് വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. ആലീസ് പ്രിയങ്ക ബെന്‍സിഗറിന് പലതവണ വെടിയേറ്റിട്ടുണ്ട്. എന്നാല്‍ ഹെന്റിക്ക് ഒറ്റത്തവണയാണ് വെടിയേറ്റിട്ടുള്ളത്. കുട്ടികളുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം പരിശോധന ഫലത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്ക് വെടിയേല്‍ക്കുകയോ ശാരീരിക ആഘാതമേല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് സ്ഥിരീകരിക്കാന്‍ കഴിയുമെന്നും പോലീസ് പറയുന്നു.

2020ലാണ് ആനന്ദും പ്രിയങ്കയും സാന്‍മെറ്റേയോയിലെ വീട്ടില്‍ താമസം ആരംഭിച്ചതെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട്. 2.1 മില്ല്യണ്‍ ഡോളര്‍(ഏകദേശം 17 കോടിയിലേറെ രൂപ) വിലവരുന്ന വീട്ടിലായിരുന്നു കുടുംബത്തിന്റെ താമസം. അഞ്ച് കിടപ്പുമുറികളുള്ള വീട്ടിലെ ഒരുമുറിയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ആനന്ദ് നേരത്തെ ഗൂഗിളിലും മെറ്റയിലും സോഫ്റ്റ് വേര്‍ എന്‍ജിനീയറായി ജോലിചെയ്തിരുന്നതായാണ് വിവരം. ഭാര്യ ആലീസ് ‘സില്ലോ’യില്‍ ഡേറ്റ സയന്‍സ് മാനേജരായിരുന്നു. 2016-ല്‍ ആനന്ദ് വിവാഹമോചനത്തിനായി ഹര്‍ജി ഫയല്‍ചെയ്തിരുന്നതായും എന്നാല്‍ പിന്നീട് ഇതുമായി മുന്നോട്ടുപോയില്ലെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.