സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഇന്ത്യന്‍ എഞ്ചിനീയറെ വെടിവച്ചു കൊന്ന കേസില്‍ അമേരിക്കക്കാന് എതിരെ വംശീയ വിദേഷക്കുറ്റം ചുമത്തി. കന്‍സാസില്‍ ഇന്ത്യന്‍ വംശജനായ ശ്രീനിവാസ കുച്ചിബോട്‌ലയെ വധിച്ച കേസില്‍ യുഎസ് പൗരന്‍ ആദം പ്യൂരിറ്റന് കുറ്റപത്രം. വംശവെറി, കൊലപാതകം, അടക്കമുള്ളവയാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ 52 കാരനായ പ്രതിക്കു വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം.
കഴിഞ്ഞ ഫെബ്രുവരിയില്‍ കന്‍സാസിലെ ബാറില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് എത്തിയ പ്യൂരിറ്റോണ്‍ തന്റെ രാജ്യത്തുനിന്ന് കടന്നുപോകൂവെന്ന് ആക്രോശിച്ച് വെടിവെപ്പ് നടത്തുകയായിരുന്നു. അമേരിക്കന്‍ നാവികസേനയില്‍ ജോലിചെയ്തിരുന്ന ഇയാള്‍ മദ്യലഹരിയിലാണ് വെടിവെപ്പ് നടത്തിയത്. ആസൂത്രിതമാണു കൊലപാതകമെന്നു കോടതി കണ്ടെത്തി. ‘എന്റെ രാജ്യത്തു നിന്നു സ്ഥലംവിടൂ’ എന്നാക്രോശിച്ചായിരുന്നു ആക്രമണം.
ഇന്ത്യന്‍ എന്‍ജിനിയറെയും സുഹൃത്തിനെയും രക്ഷപെടുത്താന്‍ ശ്രമിക്കവെ ഇയോണ്‍ ഗ്രില്ലോട്ട് എന്നയാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. സംഭവത്തില്‍ വംശീയ വിദ്വേഷത്തിന് പുറമെ ആയുധ നിയമപ്രകാരമുള്ള വകുപ്പുകളും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ചുമത്തിയിട്ടുണ്ട്. സംഭവം ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ നടുക്കിയിരുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ വിശദീകരണം ആരായുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല