സ്വന്തം ലേഖകന്‍: സൈബര്‍ സുരക്ഷാ ഭീഷണി, ചൈനീസ് കമ്പനിയുടെ ഡ്രോണുകള്‍ അമേരിക്കന്‍ സൈന്യത്തിന്റെ പടിക്കു പുറത്ത്. സൈബര്‍ സുരക്ഷാ ഭീഷണികള്‍ മുന്‍നിര്‍ത്തി ചൈന ആസ്ഥാനമായുള്ള എസ്ഇസഡ് ഡിജെഐ ടെക്‌നോളജിയുടെ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനാണ് സൈന്യം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ചില കാരണങ്ങള്‍ കൊണ്ടാണ് വിലക്കിയതെന്നാണ് ആഗസ്റ്റ് രണ്ടിന് സൈന്യം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.
ഡിജെഐയുടെ എല്ലാത്തരം ഉപകരണങ്ങളുടെയും ആപ്ലിക്കേഷനുകളുടെയും ഉപയോഗം നിര്‍ത്തിവെക്കാനും ഡിജെഐ ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സൈന്യം നിര്‍ദ്ദേശം നല്‍കിയതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ അമേരിക്കന്‍ സൈന്യം വ്യാപകമായി ഉപയോഗിക്കുന്നത് ഡിജെഐ ഡ്രോണുകളാണ്.
അമേരിക്കന്‍ സൈന്യത്തിന്റെ നടപടി ദു:ഖകരവും ഞെട്ടിക്കുന്നതുമായ വിവരം എന്നാണ് തീരുമാനത്തോട് ഡിജെഐ പ്രതികരിച്ചത്. ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് തങ്ങളോട് ബന്ധപ്പെടാന്‍ പോലും അമേരിക്കന്‍ സൈന്യം തയ്യാറായില്ലെന്നാണ് കമ്പനി ഇതിനോട് പ്രതികരിച്ചത്. ലോകത്താകമാനം വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഡ്രോണുകളില്‍ 70 ശതമാനവും ഡിജെഐ കമ്പനി നിര്‍മ്മിക്കുന്നവയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല