സ്വന്തം ലേഖകന്‍: സിറിയയില്‍ അമേരിക്കയുടെ മിസൈല്‍ വര്‍ഷം, സാധാരണക്കാര്‍ക്കു മേലുള്ള രാസായുധ പ്രയോഗത്തിനുള്ള ചുട്ട മറുപടിയെന്ന് ട്രംപ്. സിറിയന്‍ വ്യോമതാവളം ലക്ഷ്യമിട്ട! അമേരിക്കന്‍ സൈന്യം അമ്പതിലധികം മിസൈലുകള്‍ തൊടുത്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ 3.45 ന് കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ട യുദ്ധക്കപ്പലുകളില്‍ നിന്നായിരുന്നു ആക്രമണം. കനത്ത ആക്രമണത്തില്‍ സിറിയന്‍ വ്യോമതാവളമായ ഷായിരത്തിന് കാര്യമായ നാശനഷ്ടങ്ങളും ആള്‍നാശവും സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം സിറിയന്‍ സൈന്യം കുട്ടികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്കു നേരെ രാസായുധാക്രമണം നടത്തിയത് ഈ സൈനിക കേന്ദ്രത്തില്‍ നിന്നായിരുന്നു. കേന്ദ്രത്തിലെ റണ്‍വേയും യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം ലഭ്യമാക്കിയിരുന്ന കേന്ദ്രങ്ങളും ആക്രമണത്തില്‍ തരിപ്പണമായി. 59 ലധികം ടോമാഹ്വാക് ക്രൂയിസ് മിസൈലുകള്‍ പ്രയോഗിച്ചതായി അമേരിക്ക വ്യക്തമാക്കി.
നിഷ്ക്കളങ്കരായ കുട്ടികള്‍ക്കും നിരപരാധികളായ സാധാരണക്കാര്‍ക്കും മേല്‍ നടത്തിയ രാസായുധ പ്രയോഗത്തിനുള്ള മറുപടിയാണ് മിസൈല്‍ ആക്രമണമെന്ന് പത്രസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി. ദേശീയ സുരക്ഷാ താല്‍പ്പര്യം മുന്‍ നിര്‍ത്തി സിറിയക്കു നേരെ സൈനിക നടപടിയുണ്ടാകുമെന്നും രാസായുധ ആക്രമണത്തെ ഒരു തരത്തിലും പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും നേരത്തെ ട്രംപ് പറഞ്ഞിരുന്നു.
അതേസമയം സിറിയയിലെ ഖാന് ഷെയ്ഖൂന്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ രാസായുധാക്രമണത്തില്‍ 86 പേര് കൊല്ലപ്പെട്ട സാഹചര്യത്തില്‍ സിറിയയ്ക്കുള്ള പിന്തുണ റഷ്യ പുന: പരിശോധിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലര്‍ സണ്‍ ആവശ്യപ്പെട്ടു. റഷ്യ രാസായുധ ആക്രണത്തെ പിന്തുണക്കുന്ന നിലപാടുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് ക്രൂരമായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനാണ് എന്നതില്‍ സംശയമില്ലെന്ന് അമേരിക്ക തുറന്നടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല