സ്വന്തം ലേഖകന്‍: അമേരിക്കയില്‍ മുസ്ലീം പള്ളിക്ക് തീവച്ചു, ട്രംപിന്റെ മുസ്ലീം കുടിയേറ്റ നിരോധനം തങ്ങള്‍ക്ക് അനുഗ്രഹമായെന്ന് ഇസ്ലാമിക് സ്റ്റേറ്റ്. ഹൂസ്റ്റണിനടുത്ത് തെക്കന്‍ ടെക്‌സാസിലെ ദ ഇസ്ലാമിക് സെന്റര്‍ ഓഫ് വിക്‌ടോറിയയാണ് തീയിട്ട് നശിപ്പിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടരയോടെ പള്ളിയില്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. പള്ളിയുടെ അധികാരി ഷാഹിദ് ഹഷ്മി ഉടന്‍ എത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും എല്ലായിടത്തേക്കും വ്യാപിച്ചിരുന്നു.
അഗ്‌നിബാധയില്‍ ആര്‍ക്കും പരുക്കില്ല. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. അഗ്‌നിബാധയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് വിക്‌ടോറിയ ഫയര്‍ മാര്‍ഷ്വല്‍ അറിയിച്ചു. ഇസ്ലാമിക ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തിയതിനു തൊട്ടുപിന്നലെയാണ് അമേരിക്കയില്‍ പള്ളിക്കുനേരെ ആക്രമണം നടന്നതെന്നത് ശ്രദ്ധേയമാണ്.
ഇതേ പള്ളിക്ക് നേരെ ഇതിനു മൂന്‍പും ആക്രമണ പരമ്പരകള്‍ ഉണ്ടായിട്ടുണ്ട്. അതേസമയം ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. അമേരിക്കയുടെ പുതിയ നയം ഇസ്ലാമിനെതിരേയുള്ള യുദ്ധം തന്നെയാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല ഓണ്‍ലൈന്‍ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളും ചൂണ്ടിക്കാട്ടുന്നു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പോസ്റ്റുകളില്‍ ട്രംപ് നിര്‍ദേശം കര്‍ശനമായി നടപ്പാക്കുന്നത് അമേരിക്കന്‍ മുസ്ലീങ്ങളെ തങ്ങളുടെ പക്ഷത്താക്കാന്‍ കൂടുതല്‍ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നു. മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുന്ന ട്രംപിന്റെ പ്രഖ്യാപനം അനുഗ്രഹീതം എന്നാണ് ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി പ്രതികരിച്ചത്. ടെലിഗ്രാം വഴിയുള്ള തങ്ങളുടെ ചാനലിലൂടെയാണ് ഇക്കാര്യം ബാഗ്ദാദി പുറത്തുവിട്ടത്.
2011 ല്‍ യെമനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍വര്‍ അല്‍ അവ്‌ലാക്കിയുടെ പ്രവചനം ശരിയാക്കുന്നതാണ് ട്രംപിന്റെ നീക്കമെന്നും മറ്റൊരു പോസ്റ്റില്‍ പറയുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ നാട്ടിലെ തന്നെ മുസ്ലീങ്ങള്‍ക്കെതിരാകും എന്നായിരുന്നു അന്ന് അന്‍വര്‍ പറഞ്ഞത്. 2015 ല്‍ തങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളെ ലക്ഷ്യമിടുന്നത് അവിടുത്തെ ഇസ്ലാമിക വിരുദ്ധ മനോഭാവം ഉണര്‍ത്താന്‍ വേണ്ടിയാണെന്നും അതിലൂടെ അവിടുത്തെ മുസ്ലീങ്ങള്‍ തങ്ങളെ പിന്തുണക്കാന്‍ വേണ്ടിയാണെന്നും ഐഎസ് പറഞ്ഞിരുന്നു.
ഒബാമയ്ക്കും ബുഷിനുമെല്ലാം ഈ മതവിദ്വേഷം ഉണ്ടായിരുന്നതായും അത് തീവ്രവാദികളോട് മാത്രമായിരുന്നില്ലെന്നും ഐഎസ് പറയുന്നു. എന്നിരുന്നാലും തങ്ങളുടെ ജോലി ഏറ്റവും എളുപ്പമാക്കിയത് ട്രംപാണെന്നും ഐഎസ് പറയുന്നു. ഇത് തീവ്രവാദികളുടെയും അമേരിക്കന്‍ വിരുദ്ധരുടേയും വിജയം തന്നെയാണെന്നും തീവ്രവാദികള്‍ക്കിടയിലേക്ക് ആളെ വിട്ട് അവരുടെ പദ്ധതികള്‍ മനസ്സിലാക്കാനുള്ള ചാരപ്പണികള്‍ക്കും മറ്റും തീരുമാനം തിരിച്ചടി നല്‍കുമെന്നും സിഐഎയും മുന്നറിയിപ്പു നല്‍കിയിരുന്നു.
അതേസമയം തീപിടിത്തത്തില്‍ നശിച്ച പള്ളി പുനര്‍നിര്‍മിക്കാന്‍ അമേരിക്കക്കാര്‍ 7,80,000ത്തി ലേറെ ഡോളര്‍ ഓണ്‍ലൈന്‍ വഴി സംഭാവന നല്‍കിയത് അമേരിക്കയുടെ മതസൗഹാര്‍ദ്ദത്തിന്റെ തെളിവായി. ഇസ്ലാമിക് സെന്റര്‍ ശനിയാഴ്ച പുലര്‍ച്ചെ അഗ്‌നിക്കിരയായതിനെ തുടര്‍ന്ന് ഫണ്ട് ശേഖരണത്തിനായി gofundme.com എന്ന പേരില്‍ പേജ് ആരംഭിച്ചിരുന്നു. നശിപ്പിച്ച പള്ളിക്കു പകരം പ്രാര്‍ഥനക്കായി ക്രിസ്ത്യന്‍ ജൂത ആരാധനാലയങ്ങളില്‍ മുസ്ലിംകള്‍ക്ക് സൗകര്യം ഒരുക്കിയതും ശ്രദ്ധേയമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല