സ്വന്തം ലേഖകന്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം, ഇറാനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. മിസൈല്‍ പരീക്ഷണം നടത്തുന്നതിന് എതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താക്കീത് ഇറാന് തള്ളിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. ഇറാനിലെ 13 വ്യക്തികള്‍ക്കും 12 കമ്പനികള്‍ക്കുമെതിരെയാണ് യു.എസ് ട്രഷറി ഡിപ്പാര്‍ട്മെന്റിന്റെ നടപടി. യു.എ.ഇ, ലെബനാന്, ചൈന എന്നീ രാജ്യങ്ങളില്‍നിന്നുള്ള സ്ഥാപനങ്ങളും വ്യക്തികളും ഇതില്‍പ്പെടും.
ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തെപ്പറ്റി, ഇറാന് തീകൊണ്ട് കളിക്കുകയാണെന്നും ഒബാമ കാണിച്ച അനുഭാവം തന്നില്‍നിന്ന് പ്രതീക്ഷിക്കേണ്ടെന്നും ട്രംപ് നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, അനുഭവ പരിചയമില്ലാത്ത വ്യക്തിയില്‍നിന്നുള്ള ഭീഷണികള്‍ക്ക് കീഴടങ്ങില്ലെന്ന് ഇറാന് തിരിച്ചടിക്കുകയും ചെയ്തു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം യു.എന്‍ രക്ഷാ സമിതി പ്രമേയത്തിന് എതിരാണെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കുകയും ചെയ്തെങ്കിലും ഇറാന് കുലുങ്ങിയില്ല.
ട്രംപ് അധികാരത്തില്‍ ഏറിയശേഷം ഇറാന്റെ ആദ്യ മിസൈല്‍ പരീക്ഷണമായിരുന്നു ഇത്. മിസൈല്‍ പരീക്ഷണത്തിന് ആവശ്യമായ വസ്തുക്കള്‍ സംഘടിപ്പിച്ചു കൊടുത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇറാന്റെ സൈനിക വിഭാഗത്തിനും എതിരെയാണ് നടപടി. മേഖലയെ അസ്ഥിരമാക്കുന്നതിന് എതിരായ അമേരിക്കയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ തെളിയുന്നതെന്നും നടപടി സംയുക്ത സമഗ്ര കര്‍മപദ്ധതിയുടെ ഭാഗമാണെന്നും ട്രഷറി ഓഫിസ് ആക്ടിങ് ഡയറക്ടര്‍ ജോണ്‍ ഇ.സ്മിത്ത് പറഞ്ഞു.
ഭീകരതക്ക് ഇറാന് നല്കുന്ന പിന്തുണയും മിസൈല്‍ വികസന പദ്ധതിയും അമേരിക്കക്കും കൂട്ടാളികള്‍ക്കും ഭീഷണിയാണ്. ഇറാന്റെ തെറ്റായ ചെയ്തികള്ക്കെതിരായാണ് ഉപരോധമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാസമിതി വിലക്ക് ലംഘിച്ച് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയ ഇറാന്റെ നടപടി പ്രകോപനപരമാണെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ളിന്‍ പറഞ്ഞു.
ഒബാമയുടെ ഭരണകാലത്ത് ഇറാനും വന്‍ശക്തികളുമായുണ്ടാക്കിയ ആണവക്കരാര്‍ പ്രകാരം അന്നു നിലവിലുണ്ടായിരുന്ന ഉപരോധത്തില്‍ ഇളവ് വരുത്തിയിരുന്നു. ആണവ പദ്ധതി വെട്ടിചുരുക്കാമെന്ന് ഇറാന് സമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ആണവക്കരാറിന് എതിരേ തെരഞ്ഞെടുപ്പു പ്രചാരണ കാലത്തുതന്നെ ട്രംപ് രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല