സ്വന്തം ലേഖകന്‍: കുറച്ച് അണ്വായുധങ്ങളും മിസൈലുകളും ഉത്തര കൊറിയ കൈമാറുക തന്നെ വേണം; നിലപാടില്‍ ഉറച്ച് യുഎസ്; ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി ദക്ഷിണ കൊറിയ. അണ്വായുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലും ആറു മാസത്തിനകം ഉത്തരകൊറിയ കൈമാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായി ജപ്പാനിലെ അസാഹി ഷിംബൂന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പകരമായി ഭീകരരാഷ്ട്രങ്ങളുടെ പട്ടികയില്‍നിന്ന് ഉത്തരകൊറിയയെ നീക്കം ചെയ്യും.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞയാഴ്ച പ്യോംഗ്യാംഗിലെത്തി ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി നടത്തിയ ചര്‍ച്ചയിലാണ് കുറച്ച് അണ്വായുധങ്ങള്‍ രാജ്യത്തിനു പുറത്തേക്കു കടത്തി കൈമാറണമെന്നു നിര്‍ദേശിച്ചത്. കഴിഞ്ഞവര്‍ഷമാണ് അമേരിക്ക തങ്ങളുടെ ഭീകരരാഷ്ട്ര പട്ടികയില്‍ ഉത്തരകൊറിയയുടെ പേര് വീണ്ടും ചേര്‍ത്തത്.
ആണവനിരായുധീകരണത്തിന്റെ പേരില്‍ അമേരിക്ക അനാവശ്യസമ്മര്‍ദം ചെലുത്തിയാല്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന കിംട്രംപ് കൂടിക്കാഴ്ചയില്‍നിന്ന് പിന്മാറുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പു നല്കിയതിനു പിറ്റേന്നാണ് റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ആഫ്രിക്കന്‍ രാജ്യമായ ലിബിയ മുന്പ് തങ്ങളുടെ ആയുധങ്ങള്‍ കൈയൊഴിഞ്ഞതു പോലെ ഉത്തരകൊറിയയും ചെയ്യണമെന്ന് അമേരിക്കന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ നിര്‍ദേശിച്ചത് അംഗീകരിക്കില്ലെന്നും പ്യോംഗ്യാംഗ് പറഞ്ഞു. ഇതോടെ, അടുത്തമാസം 12ന് സിംഗപ്പൂരില്‍ കിമ്മും യുഎസ് പ്രസിഡന്റ് ട്രംപും തമ്മില്‍ നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ച സംബന്ധിച്ച് ചെറിയ ആശങ്ക ഉയരുകയും ചെയ്തു.
അതിനിടെ ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടക്കാനിരിക്കുന്ന ഡോണള്‍ഡ് ട്രംപ്കിം ജോങ് ഉന്‍ ഉച്ചകോടിയില്‍നിന്ന് പിന്മാറുമെന്ന ഉത്തര കൊറിയയുടെ ഭീഷണിക്കിടെ ഒത്തുതീര്‍പ്പ് ശ്രമവുമായി ദക്ഷിണ കൊറിയ രംഗത്തെത്തി. ഉച്ചകോടി യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി ഇരുരാജ്യങ്ങളുമായും ആശയവിനിമയം നടത്തുമെന്നും അഭിപ്രായഭിന്നത മാറ്റിവെച്ച് ചര്‍ച്ചാമേശയിലെത്തിക്കാന്‍ ശ്രമം നടത്തുമെന്നും ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ ദേശീയ സുരക്ഷ സമിതി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല