സ്വന്തം ലേഖകൻ: യുഎസിലെ ആരോഗ്യ മേഖല സംരക്ഷിക്കുന്ന കാര്യത്തില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പരാജയപ്പെട്ടുവെന്നും ഒബാമ കെയറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് ഡെമോക്രാറ്റുകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് ഒഴിവ് നികത്തൽ വിവാദമാക്കി ജനശ്രദ്ധ പിടിക്കാനാണ് ട്രംപിന്റേയും റിപ്പബ്ലിക്കൻ ചേരിയുടേയും നീക്കം.
ഇത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണെന്നും കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ ശ്രദ്ധിക്കണമെന്നും ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നു. കൊവിഡ് മരണം രണ്ടു ലക്ഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ഡെമോക്രാറ്റുകള്‍ ഉയര്‍ത്തിയ വംശീയ, പരിസ്ഥിതി, സാമ്പത്തിക വിഷയങ്ങള്‍ തണുത്തതോടെ വീണ്ടും ആരോഗ്യ പരിപാലനം ചൂടൻ വിഷയമായി മുന്നോട്ട് വരികയാണുണ്ടായത്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ അമേരിക്കന്‍ ജനതയ്ക്ക് വേണ്ടി സമ്മാനിച്ച ഒബാമ കെയര്‍ ട്രംപ് അട്ടിമറിച്ചുവെന്നും ഇത് ദേശീയതയ്ക്ക് നിരക്കാത്തതാണെന്നും ഡെമോക്രാറ്റ് നേതാക്കള്‍ ആരോപിക്കുന്നു.
അതിനിടെ ഇത്തവണ ചീഫ് ജസ്റ്റിസിന്റെ ഒഴിവ് വന്ന സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മറ്റൊരു വിഷയമായി മാറിയിരിക്കുകയാണ്. ഈ ഒഴിവില്‍ എന്തായാലും ഒരു വനിതയെ മാത്രമേ പരിഗണിക്കൂവെന്ന് രണ്ടു പാര്‍ട്ടികളും പറയുന്നു. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പിനു മുന്നേ ജഡ്ജിന്റെ ഒഴിവ് നികത്തുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.
എന്നാല്‍ ഡെമോക്രാറ്റുകളും ജോ ബൈഡനും വാദിക്കുന്നത് തിരഞ്ഞെടുപ്പിനു ശേഷം മാത്രം ഇക്കാര്യത്തില്‍ തീരുമാനമുണ്ടായാല്‍ മതിയെന്നാണ്. സുപ്രീം കോടതി യുദ്ധവും പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവും കത്തിക്കയറുമ്പോൾ തന്നെ 200,000 അമേരിക്കക്കാർ കൊവിഡിന് ഇരയായിരിക്കുന്നു എന്ന യാഥാർഥ്യം ഇരുപക്ഷവും കണ്ടില്ലെന്ന് നടിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല