സ്വന്തം ലേഖകൻ: വെറും മൂന്ന് മിനിറ്റ്, 15000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി അമേരിക്കൻ എയർലൈൻസ് വിമാനം. ശ്വാസമെടുക്കാൻ പാടുപെട്ട് അലറിവിളിച്ച് യാത്രക്കാർ. നോർത്ത് കരോലിനയിൽ നിന്ന് ഫ്ലോറിഡയിലേക്ക് പറന്ന എഎ 5916 വിമാനമാണ് കൂപ്പുകുത്തിയതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് വിമാനം കൂപ്പുകുത്തിയതെന്നും ഉടൻ തന്നെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുത്തുവെന്നും അമേരിക്കൻ എയർലൈൻസ് പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. പ്രതിസന്ധി നേരിട്ടതിൽ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായും കമ്പനി അറിയിച്ചു.
വിമാനത്തിനകത്ത് നിന്നുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഓക്സിജൻ മാസ്കുകൾ തൂങ്ങിക്കിടക്കുന്നതും, ശ്വസിക്കാൻ വേണ്ടി മാസ്കുകൾ അണിഞ്ഞിരിക്കുന്ന യാത്രക്കാരേയും ചിത്രങ്ങളിൽ കാണാം.
ഭീതിപ്പെടുത്തുന്ന സംഭവം. കാതടപ്പിക്കുന്ന ശബ്ദങ്ങളുടേയോ കത്തുന്ന ഗന്ധത്തിന്റേയും ദൃശ്യങ്ങൾ പകർത്താൻ സാധ്യമല്ല. ക്യാബിൻ ക്രൂ, പൈലറ്റ്, ഉദ്യോഗസ്ഥരുടെ ഇടപെടൽ അസാധ്യമായിരുന്നു- വിമാനത്തിൽ ഉണ്ടായിരുന്ന ഫ്ലോറിഡയിലെ യൂണിവേഴ്സിറ്റി പ്രൊഫസർ ആയിരുന്ന ഹരിസൺ ഹോവ് എക്സിൽ കുറിച്ചു.
രേഖകൾ പ്രകാരം വിമാനം 11 മിനിറ്റിനുള്ളിൽ 20,000 അടി താഴ്ചയിലേക്കാണ് വിമാനം കൂപ്പുകുത്തിയത്. വെറും ആറ് മിനിറ്റിനുള്ളിൽ 18,600 അടി താഴ്ചയിലെത്തിയതായും ഫ്ലൈറ്റ് അവയർ കണക്കുകൾ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല