സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ പോലീസ് കുരുമുളകു സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം പുകയുന്നു. കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയായിരുന്നു പൊലീസ് ക്രൂരത.
ക്രിസ്റ്റല്‍ ഡിക്‌സണെന്നയാളും കുടുംബവും സിന്‍സിനാറ്റിയിലെ അക്വാട്ടിക് സെന്ററിലെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. കുട്ടികളിലൊരാള്‍ കൃത്യമായ സ്വിമ്മിങ് വസ്ത്രം ധരിച്ചില്ലെന്ന് പറഞ്ഞ് പൂള്‍ അധികൃതര്‍ ഡിക്‌സണെയും കുടുംബത്തെയും മടക്കി.
ഇതിനിടെ അധികൃതരിലൊരാള്‍ ഡിക്‌സന്റെ കൈ ബലാത്ക്കാരമായി പിടിക്കാന്‍ ശ്രമിച്ചത് പ്രശ്‌നത്തിന് കാരണമായി. ഡിക്‌സണും കുടുംബവും ഇതിനെതിരെ പ്രതികരിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു. ഉദ്യോഗസ്ഥരിലൊരാള്‍ കൂട്ടത്തിലൊരു പെണ്‍കുട്ടിയുടെ കഴുത്തില്‍ പിടിക്കുകയും മറ്റൊരുദ്യോഗസ്ഥന്‍ കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയുമായിരുന്നു.
ഒരു മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതിഷേധത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ പുറത്തു വിട്ടു. ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് വിവിധ കോണുകളില്‍നിന്ന് പ്രതിഷേധവും ഉയര്‍ന്നു. ബോബി ഹില്‍റ്റണെന്ന പുരോഹിതന്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി പൊലീസിന്റെ അതിക്രമത്തെ നിഷിധമായി വിമര്‍ശിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഉദ്യോഗസ്ഥരെ ന്യായികരിച്ച് പൊലീസിലെ ഉന്നതരും രംഗത്തെത്തി. കഴിഞ്ഞയാഴ്ച്ച കറുത്ത വര്‍ഗക്കാരിയായ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന് ജോലി രാജി വക്കേണ്ടി വന്നിരുന്നു. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കു നേരെയുള്ള പോലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്ന ആരോപണങ്ങള്‍ക്കിടയിലാണ് പുതിയ സംഭവം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല