സ്വന്തം ലേഖകന്‍: അമേരിക്കയില്‍ സീരിയല്‍ കില്ലര്‍ രണ്ടു മാസമായി ചങ്ങലക്കിട്ട അമേരിക്കന്‍ യുവതിയെ പോലീസ് മോചിപ്പിക്കുന്ന വീഡിയോ പുറത്ത്. കാല ബ്രൗണ്‍ എന്ന യുവതിയെയാണ് സൗത് കരോലിനയിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റായ ക്രിസ്റ്റഫര്‍ കോല്‍ഹെപ്പ് എന്ന സീരിയല്‍ കില്ലര്‍ രണ്ടുമാസം മൃഗങ്ങളെപ്പോലെ ചങ്ങലക്കിട്ടത്. കാലായുടെ കാമുകന് ചാര്‍ലി ഡേവിഡ് കാര്‍വറെ കോല്‍ഹെപ്പ് വെടിവച്ച് കൊല്ലുകയും ചെയ്തു. കമിതാക്കളെ കാണാതായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചോര മരവിക്കുന്ന കൊലപാതകങ്ങളുടെ കഥ ചുരുളഴിഞ്ഞത്.
2016 ആഗസ്ത് 31 നാണ് കാലാ ബ്രൗണ്‍ എന്ന യുവതിയേയും സുഹൃത്ത് ചാര്‍ലി ഡേവിഡ് കാര്വറേയും കാണാതാകുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുപാട് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇവര്‍ അവസാനം പോയത് കോല്‍ഹെപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്കായിരുന്നു എന്ന് കണ്ടെത്താന്‍ കഴിഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. സിം കാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ഇവര്‍ അവസാനം എത്തിയത് കോല്‍ഹെപ്പിന്റെ വീട്ടില്‍ത്തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
എന്നാല്‍ കോല്‍ഹെപ്പ് ഇക്കാര്യം നിഷേധിച്ചു. തുടര്‍ന്നാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. പൊലീസിന്റെ അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് 95 ഏക്കര്‍ പരന്നുകിടക്കുന്ന പുരയിടത്തിനകത്തെ ഒരു മെറ്റല്‍ കണ്ടെയ്നറിലാണ്. കഴുത്തുവരെ ചങ്ങലയില്‍ കുരുക്കി രണ്ടു മാസമായി ആ മെറ്റല്‍ കണ്ടെയ്നറില്‍ ബന്ധനസ്ഥയായിരുന്നു കാലാ.
കപ്പലുകളില്‍ ഉപയോഗിക്കുന്ന മെറ്റല്‍ കണ്ടെയ്നറിനുള്ളില്‍ യുവതിയെ ചങ്ങലക്കിട്ട നിലയില്‍ ഒരു കിടക്കയില്‍ ചലനമറ്റ് കിടക്കുകയായിരുന്നു പൊലീസ് കണ്ടെത്തുമ്പോള്‍ കാലാ. കാമുകനായ ചാര്‍ലി ഡേവിഡ് കാര്‍വറാണ് ഈ വീട് വൃത്തിയാക്കാനായി തന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നതെന്ന് അവള് പൊലീസിനോട് പറഞ്ഞു. പൊലീസ് ആദ്യം അവളോട് തിരക്കിയതും കാര്വറിനെക്കുറിച്ചു തന്നെയായിരുന്നു. കോല്‍ഹെപ്പ് കാര്‍വറിന്റെ നെഞ്ചിലേക്ക് മൂന്നു തവണ വെടിയുതിര്‍ത്തത് താന്‍ കണ്ടുവെന്നും കാലാ പറഞ്ഞു.
അതിനുശേഷം തന്നെ കണ്ടെയ്നറിനുള്ളില്‍ ചങ്ങലക്കിട്ടു. അവനെ അയാള്‍ കത്തിച്ചുകളഞ്ഞെന്ന് പിന്നീട് തന്നോട് പറഞ്ഞു. കോല്‍ഹെപ്പ് എന്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്ന് തനിക്കറിയില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു. പൊലീസിന്റെ പരിശോധനയില്‍ പാതി കരിഞ്ഞതും അല്ലാത്തവയുമായി ധാരാളം മൃതദേഹങ്ങള്‍ കോല്‍ഹെപ്പിന്റെ പുരയിടത്തില്‍ നിന്ന് കണ്ടെത്തി. ഇതോടൊപ്പം കാര്‍വറിന്റെ മൃതദേഹവും പൊലീസ് കണ്ടെടുത്തു. മുളകുപൊടിയും കുരുമുളകു പൊടിയും മറ്റും വിതറി പൊലീസ് നായയില്‍ നിന്ന് രക്ഷനേടുകയാണ് കോല്‍ഹെപ്പിന്റെ രീതിയെന്ന് കാലാ പൊലീസിനോട് വ്യക്തമാക്കി.
ബ്രൗണിന്റെ പരാതിയില്‍ കോല്‍ഹെപ്പിനെ പൊലീസ് കസ്ററഡിയിലെടുത്തു. കാര്‍വറിന്റെതടക്കം നിരവധി കൊലപാതകങ്ങള്‍ നടത്തിയ കോല്‍ഹെപ്പ് ഇവയെല്ലാം ഏറ്റു പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതുവരെ ഏഴു പേരെ കൊലപ്പെടുത്തിയതായും തെളിവു നശിപ്പിച്ചതായും ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 2003 ല്‍ ഇയാള്‍ നടത്തിയ സൂപ്പര്‍ബൈക്ക് കൊലപാതകത്തില്‍ നാല് പേരെയാണ് ഒറ്റയടിക്ക് വകവരുത്തിയത്. ഇതുള്‍പ്പടെ ഏഴുപേരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കാല ബ്രൗണിനെ രക്ഷിക്കുന്ന ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല