1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2016

സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ, പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനായി ഡൊണാള്‍ഡ് ട്രംപും ഹിലരി ക്ലിന്റനും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനും അവസാന നിമിഷത്തെ പൊരിച്ചിലിലാണ്. ഒരു പക്ഷത്തേക്കും ചായ്‌വില്ലാത്ത വോട്ടര്‍മാരെ സ്വാധീനിക്കുകയാണ് സ്ഥാനാര്‍ഥികളുടെ ലക്ഷ്യം.

അയോവ, മിനിസോട, മിഷിഗന്‍, പെന്‍സല്‍വേനിയ, വിര്‍ജീനിയ, ഫ്‌ളോറിഡ, നോര്‍ത് കരോലൈന, ന്യൂ ഹാംഷെയര്‍ എന്നീ സംസ്ഥാനങ്ങളിലെ വോട്ട് ഉറപ്പിക്കാനാണ് ട്രംപിന്റെ പരക്കംപാച്ചിലെങ്കില്‍ നോര്‍ത് കരോലൈനയിലെ റെലീഹിലാണ് ഹിലരി അവസാനത്തെ പ്രചാരണ പ്രസംഗത്തിനായി എത്തുന്നുത്.

സാമ്പത്തികരംഗത്ത് ഉച്ഛനീചത്വം അവസാനിപ്പിച്ച് സമത്വം കൊണ്ടുവരുമെന്ന് ഹിലരി പ്രഖ്യാപിച്ചു. അതിനിടെ, യു.എസ് പ്രസിഡന്റ് ബറാക് ഒബാമ മുഴുവന്‍ സമയവും ഹിലരിയുടെ പ്രചാരണത്തിന് മാറ്റിവെച്ചിരിക്കുകയാണെന്ന് ട്രംപ് പരിഹസിച്ചു. ഒട്ടും ആകര്‍ഷകമല്ലാത്ത ഹിലരിയുടെ പ്രചാരണത്തിന് ആളെ കൂട്ടാനാണ് ഒബാമയുടെ ശ്രമം.

വൈറ്റ്ഹൗസില്‍ നിരവധി ജോലികള്‍ ബാക്കിവെച്ചാണ് ഒബാമയുടെ പ്രചാരണമെന്നും ട്രംപ് കുറ്റപ്പെടുത്തി.പോസ്റ്റ് എ.ബി.സി സര്‍വേയില്‍ ഹിലരി അഞ്ചു പോയന്റിന് മുന്നിലാണ്. അതിനിടെ ട്രംപിന്റെ റാലി പാര്‍ട്ടി പ്രവര്‍ത്തകന്റെ പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ട്രംപിനെതിരെ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചാണ് ഓസ്റ്റിന്‍ ക്രൈറ്റസ് എന്നയാള്‍ പ്രതിഷേധം നടത്തിയത്.

തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ കൈമാറുന്നതിന് സുപ്രീം കോടതി വിലക്ക് ഏര്‍പ്പെടുത്തി. മറ്റൊരാളുടെ ബാലറ്റ് പേപ്പര്‍ കൈവശം വെക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു കോടി രൂപ പിഴയും വിധിച്ചു. അരിസോണ സംസ്ഥാനത്താണ് മറ്റൊരാളുടെ ബാലറ്റ് പേപ്പര്‍ ശേഖരിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.

മെക്‌സിക്കന്‍ കുടിയേറ്റക്കാരും ന്യൂനപക്ഷങ്ങളും ഏറെയുള്ള സംസ്ഥാനമാണ് അരിസോണ. നേരത്തേ ആവശ്യപ്പെടുന്നവര്‍ക്ക് ബാലറ്റ് പേപ്പറുകള്‍ അയച്ചുകൊടുക്കും. വോട്ട് രേഖപ്പെടുത്തിയ പേപ്പറുകള്‍ വോട്ടര്‍മാര്‍തന്നെ തിരിച്ചയക്കുകയോ വോട്ടിങ് അവസാനിക്കുന്ന സമയത്തിനുമുമ്പ് പോളിങ് സ്റ്റേഷനില്‍ എത്തിക്കുകയോ വേണം.

തെരഞ്ഞെടുപ്പ് സംബന്ധിച്ച് അടുത്തിടെ സുപ്രീം കോടതി നല്‍കിയ മൂന്നാമത്തെ വിധിയാണിത്. കഴിഞ്ഞ രണ്ടു വിധിയും സ്വാഗതം ചെയ്ത ഡെമോക്രാറ്റുകള്‍ ഒടുവിലത്തെ വിധിയില്‍ നിരാശരാണ്. നോര്‍ത് കരോലിനയില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയ ആയിരക്കണക്കിന് പേരുകള്‍ പുനഃസ്ഥാപിക്കണമെന്നും ഒഹായോവില്‍ വോട്ടര്‍മാര്‍ക്ക് ഭീഷണിയില്ലെന്ന് ട്രംപിന്റെ പ്രചാരണ വിഭാഗം ഉറപ്പുവരുത്തണമെന്നും ആയിരുന്നു ഇതിന് മുമ്പുണ്ടായ വിധികള്‍.

കോടതി വിധികള്‍ക്കു പുറമെ മാധ്യമങ്ങള്‍ ഹിലരിയുടെ പക്ഷംപിടിക്കുന്നതും ട്രംപ് ക്യാമ്പിനെ നിരാശരാക്കുന്നുണ്ട്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇക്കുറി തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന രീതിയിലാണ് ഹിലാരിയോടുള്ള മാധ്യമങ്ങളുടെ ചായ്‌വ് എന്നാണ് സൂചന. ഇമെയില്‍ വിവാദത്തില്‍ ഹിലാരിക്കെതിരെയുള്ള എഫ്ബിഐ അന്വേഷണം അവരുടെ ജനപ്രീതിയെ കാര്യമായി ബാധിക്കാത്ത രീതിയിലായിരുന്നു മാധ്യമങ്ങള്‍ വാര്‍ത്ത കൈകാര്യം ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.