സ്വന്തം ലേഖകൻ: യുഎസ് തിരഞ്ഞെടുപ്പില്‍ അരിസോണയിലും ബൈഡന്‍ വിജയം ഉറപ്പിച്ചു. ബാലറ്റ് കൗണ്ടിങില്‍ അരിസോണയിലും വിജയിച്ചതോടെ ബൈഡന് ട്രംപിനെതിരെ 290 ഇലക്ടറല്‍ വോട്ടുകളുടെ മുന്‍തൂക്കമായി. 530 അംഗ ഇലക്ടറല്‍ കോളേജില്‍ വിജയിക്കാന്‍ 270 വോട്ടിന്റെ ഭൂരിപക്ഷമാണ് വേണ്ടത്.
സി.എന്‍.എന്‍.. എന്‍.ബി.സി.. സി.ബി.എസ്., എ.ബി.സി. റിപ്പോര്‍ട്ടുകള്‍ 11000-ല്‍പ്പരം വോട്ടുകള്‍ക്ക് ബൈഡന്റെ വിജയം ഉറപ്പിക്കുകയാണ്. 11 ഇലക്ടറല്‍ വോട്ടുകളാണ് അരിസോണയിലുള്ളത്. ട്രംപിനേക്കാള്‍ 0.3 ശതമാനം വോട്ടാണ് ബൈഡന്‍ കൂടുതല്‍ നേടിയത്.
ഫോക്‌സ് ന്യൂസ്, ദി അസോസിയേറ്റഡ് പ്രസ് എന്നിവയും ബൈഡനാണ് വിജയി എന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അരിസോണയിലെ ബൈഡന്റെ വിജയത്തെ ഡോണള്‍ഡ് ട്രംപ് തള്ളി. വോട്ടിങില്‍ തട്ടിപ്പ് നടന്നുവെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ട്രംപ്.
അരിസോണയില്‍ ഏറ്റവും ഒടുവില്‍ ഒരു ഡെമോക്രോറ്റ് സ്ഥാനാര്‍ഥി ജയിച്ചത് 1996-ലാണ്. ബില്‍ ക്ലിന്റണായിരുന്നു ഇത്. 24 വര്‍ഷത്തെ ചരിത്രമാണ് ഇക്കുറി ബൈഡന്‍ തിരുത്തിയത്.
അതിനിടെ ഡോണള്‍ഡ് ട്രംപ് നിയമപോരാട്ടവുമായി മുന്നോട്ടു പോകവെ അമേരിക്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. ബൈഡന്റെ വിജയത്തെ മറികടക്കാന്‍ ഡോണള്‍ഡ് ട്രംപ് സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് നീങ്ങുന്നു. പെന്‍സില്‍വാനിയ, മിഷിഗണ്‍, അരിസോണ എന്നിവിടങ്ങളിലെ കേസുകളിൽ നിലവിൽ വാദം പുരോഗമിക്കുകയാണ്.
സംസ്ഥാന ഉദ്യോഗസ്ഥരെ ജനകീയ വോട്ടെടുപ്പ് സാക്ഷ്യപ്പെടുത്തുന്നതില്‍ നിന്ന് തടയുന്നതിനുള്ള മാര്‍ഗങ്ങൾക്കായാണ് ട്രംപ് അനുകൂലികള്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്. എന്നാൽ മിക്കതും വിശ്വസനീയമായ വാദങ്ങളില്ലാത്തതിനാൽ നിയമപരമായ കുതന്ത്രങ്ങളായി മാറുന്ന കാഴ്ചയാണ് മിക്ക കേന്ദ്രങ്ങളിലും. അതു കൊണ്ടു തന്നെ ഈ നിയമ പോരാട്ടങ്ങൾ ട്രംപിനു കാര്യമായ ഗുണം ചെയ്യില്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല