സ്വന്തം ലേഖകൻ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ജോർജിയ സംസ്ഥാനത്ത് രണ്ടാമതും വോട്ടെണ്ണൽ പൂർത്തിയാക്കി. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. വീണ്ടും വോട്ടെണ്ണൽ നടത്തിയപ്പോഴും ബൈഡൻ തന്നെ വിജയിയായെന്ന് അധികൃതർ അറിയിച്ചു.
ജോർജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റിൻെറ വെബ്സൈറ്റിലാണ് വോട്ടെണ്ണൽ പൂർത്തിയായെന്ന അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ബൈഡൻ ജയിച്ചതോടെ മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന റിപബ്ലിക്ക് ആധിപത്യത്തിനാണ് ജോർജിയയിൽ അന്ത്യമാവുന്നത്. യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബൈഡൻ വിജയമുറപ്പിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ബൈഡൻ വിജയം ഉറപ്പിച്ചെങ്കിലും പരാജയം സമ്മതിക്കാൻ ട്രംപ് തയാറാവാത്തത് പ്രതിസന്ധിയായിരുന്നു.
കൊവിഡിനെത്തുടര്‍ന്നുള്ള അമേരിക്കയിലെ മരണസംഖ്യ 256,310 ആയി ഉയര്‍ന്നു. ടെക്‌സസും കലിഫോര്‍ണിയയും ഫ്ലോറിഡയും കൊവിഡ് കണക്കിൽ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളായി മാറുമ്പോള്‍ തലസ്ഥാനത്ത് ഭരണ പ്രതിസന്ധി തുടരുകയാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോള്‍ കൊവിഡിനെക്കുറിച്ച് മൗനം പാലിക്കുന്നു, നിയുക്ത പ്രസിഡന്റ് ജനുവരിയില്‍ അധികാരമേല്‍ക്കുമ്പോള്‍ കാണിച്ചു കൊടുക്കാം എന്നു പറയുന്നു. എന്തായാലും വാക്‌സീനുകളെക്കുറിച്ചുള്ള വലിയ വാര്‍ത്തകളിലാണ് അമേരിക്കന്‍ ജനത ഇപ്പോള്‍ ആശ്വാസം കൊള്ളുന്നത്.
അതിനിടെ ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനയുടെ ഇടപെടലുകൾ നിയമപരമായിരിക്കുമെന്ന കാര്യം താൻ ഉറപ്പുവരുത്തുമെന്നും ബൈഡൻ വ്യക്തമാക്കി.ഏപ്രിൽ മാസത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്ക പിൻവാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യമായി പ്രഖ്യാപിച്ചത്.
ചൈനയിൽ കൊവിഡ് 19 വ്യാപിക്കുന്ന ഘട്ടത്തിൽ ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് സംഘടനയിൽനിന്ന് പിൻവാങ്ങുമെന്ന് പ്രഖ്യാപിച്ചത്. പിന്നീട് ജൂലായിൽ അമേരിക്ക ഔദ്യോഗികമായി പിൻവാങ്ങി.
“ആദ്യ ദിവസംതന്നെ ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരും. കാരണം, ചില പരിധികളുണ്ടെന്ന് ചൈന മനസ്സിലാക്കുന്നതായി നമുക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്, ബൈഡൻ പറഞ്ഞു. ചൈനയെ ശിക്ഷിക്കുക എന്നതല്ല, നിയമങ്ങളനുസരിച്ചാണ് കളിക്കേണ്ടതെന്ന കാര്യം അവർ മനസ്സിലാക്കണം. അക്കാര്യം ഉറപ്പിക്കുന്നതിനാണിത്,” അദ്ദേഹം വ്യക്തമാക്കി.
ചൈനയുടെ പെരുമാറ്റരീതികളുടെ പേരിൽ അവരെ ശിക്ഷിക്കുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബൈഡൻ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല