സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയുടെ ആഗോള കുടിയേറ്റ കരാറില്‍ നിന്ന് അമേരിക്ക പിന്മാറി, കരാര്‍ ട്രംപിന്റെ കുടിയേറ്റ നയങ്ങളുമായി ചേര്‍ന്നു പോകില്ലെന്ന് ന്യായം. അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആഗോള സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐക്യരാഷ്ട്രസഭയുടെ കരാറില്‍ നിന്നാണ് അമേരിക്ക ഏകപക്ഷീയമായി പിന്‍വാങ്ങിയത്. ബറാക് ഒബാമ പ്രസിഡന്റായിരിക്കേ 2016 ലാണ് യുഎസ് കരാറില്‍ അംഗമായത്.
കരാറിലെ പല വകുപ്പുകളും പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ നയങ്ങളുമായി യോജിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. പിന്മാറുകയാണെന്ന കാര്യം യുഎന്‍ സെക്രട്ടറി ജനറലിനെ അറിയിച്ചതായി അമേരിക്കയുടെ യുഎന്‍ അംബാസഡര്‍ നിക്കി ഹേലി അറിയിച്ചു. കുടിയേറ്റക്കാരോട് അമേരിക്കയോളം വലിയ ഉദാരത ആരും കാട്ടിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, അമേരിക്കയുടെ കുടിയേറ്റനയങ്ങള്‍ അമേരിക്ക ഒറ്റയ്ക്കു തീരുമാനിക്കും.
ആരൊക്കെ രാജ്യത്തു പ്രവേശിക്കണമെന്നതും തങ്ങള്‍ തന്നെ തീരുമാനിക്കും. യുഎന്‍ കരാറിലെ വകുപ്പുകള്‍ അമേരിക്കയുടെ പരമാധികാരത്തിനു യോജിച്ചതല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ ഭരണത്തില്‍ അമേരിക്ക ആഗോള പദ്ധതികളില്‍നിന്നും സംഘടനകളില്‍നിന്നും പിന്മാറുന്നത് ഇതാദ്യമല്ല. യുഎന്നിന്റെ സാംസ്‌കാരിക സംഘടനയായ യുനെസ്‌കോയില്‍നിന്നും പാരീസ് കാലാവസ്ഥാ ധാരണയില്‍ നിന്നും ഏകപക്ഷീയമായി യുഎസ് പിന്മാറിയിത് അംഗരാജ്യങ്ങളേയും ലോകത്തേയും ഞെട്ടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല