സ്വന്തം ലേഖകന്‍: അഫ്ഗാനില്‍ താലിബാനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അമേരിക്ക; ആഭ്യന്തര യുദ്ധം അവസാനിപ്പിക്കും. ട്രംപ് ഭരണകൂടം ഇതുവരെ തുടര്‍ന്നു വന്നിരുന്ന നയത്തില്‍നിന്നുള്ള സുപ്രധാനമായ വ്യതിയാനമാണിത്. അഫ്ഗാനില്‍ സര്‍ക്കാരും താലിബാനുമായി 17 വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള നടപടികളുടെ ഭാഗമായാണു യുഎസ് താലിബാനുമായി ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചന നല്‍കി.
അഫ്ഗാന്‍ സര്‍ക്കാരുമായി നേരിട്ടു ചര്‍ച്ചയ്ക്കു താലിബാന്‍ തയാറായിരുന്നില്ല. എന്നാല്‍ യുഎസുമായി അവര്‍ ചര്‍ച്ചയ്ക്കു തയാറായിരുന്നു. താലിബാനുമായി അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രതിനിധികൂടി ഉള്‍പ്പെടുന്ന ചര്‍ച്ച മതിയെന്ന നിലപാടായിരുന്നു ഇതുവരെ യുഎസിനുണ്ടായിരുന്നത്. ഈ നിലപാടാണ് ഇപ്പോള്‍ യുഎസ് തിരുത്തുന്നത്.
സമാധാനശ്രമങ്ങളുടെ ഭാഗമായാണു താലിബാനുമായി ചര്‍ച്ച നടത്തുന്നതെന്നും യുഎസ് വ്യക്തമാക്കി. എന്നാല്‍, യുഎസിന്റെ നയവ്യതിയാനത്തെക്കുറിച്ചു മാധ്യമങ്ങളില്‍നിന്നു മാത്രമാണറിഞ്ഞതെന്നും യുഎസ് ഇതുവരെ തങ്ങളെ ഔദ്യോഗികമായി വിവരം അറിയിച്ചിട്ടില്ലെന്നും താലിബാന്‍ വക്താവ് ഖത്തറില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല