സ്വന്തം ലേഖകന്‍: റഷ്യയുമായി ആയുധ കച്ചവടം; ചൈനയ്ക്കുമേല്‍ യുഎസ് സാമ്പത്തിക ഉപരോധം; ഇന്ത്യയ്ക്കും മുന്നറിയിപ്പ്. റഷ്യയില്‍നിന്നു യുദ്ധവിമാനങ്ങളും മിസൈലുകളും വാങ്ങിയ ചൈനയുടെ സൈനിക സ്ഥാപനത്തിനുമേലാണ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ റഷ്യക്കുമേല്‍ കൂടുതല്‍ സമ്മര്‍ദം ഏര്‍പ്പെടുത്തുക എന്നതാണ് യുഎസിന്റെ ലക്ഷ്യം എന്ന് യുഎസ് ഭരണകൂടത്തിലെ ഉന്നതര്‍ അഭിപ്രായപ്പെട്ടു.
കരയില്‍നിന്നു വായുവിലേക്ക് അയക്കാന്‍ പര്യാപ്തമായ എസ്400 മിസൈല്‍ പ്രതിരോധ സംവിധാനവും, സുഖോയ് എസ്‌യു35 വിമാനങ്ങളും റഷ്യയില്‍നിന്നു വാങ്ങിയതിനാണു ചൈനീസ് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള എക്യുപ്‌മെന്റ് ഡെവലപ്‌മെന്റ് ഡിപാര്‍ട്ടുമെന്റിന് (ഇഡിഡി) ഉപരോധം ഏര്‍പ്പെടുത്തിയതെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. റഷ്യയില്‍നിന്നു പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള യുഎസ് തീരുമാനം ഇന്ത്യയ്ക്കും ശക്തമായ മുന്നറിയിപ്പാണ്.
ഇതാദ്യമായാണു റഷ്യയല്ലാതെ മറ്റൊരു രാഷ്ട്രത്തിനുമേല്‍ ‘കാറ്റ്‌സാ ഉപരോധം’ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേസറീസ് ത്രൂ സാക്ഷന്‍ ആക്ട്) ഏര്‍പ്പെടുത്തുന്നത്. യുഎസിന്റെ ശത്രുക്കളെ ഉപരോധത്തിലൂടെ ചെറുക്കാന്‍ അധികാരം നല്‍കുന്നതാണ് ഈ നിയമം. സിറിയന്‍ യുദ്ധത്തില്‍ അസദ് ഭരണകൂടത്തെ സഹായിക്കുന്നതിനാല്‍ കാറ്റ്‌സയുടെ കരിമ്പട്ടികയിലുള്ള, റഷ്യയിലെ പ്രധാന ആയുധ കയറ്റുമതിക്കാരായ റോസോബോറന്‍ എക്‌സ്‌പോര്‍ട്ടുമായി സഹകരിച്ചതിനാണ് ഇഡിഡിക്കും ഡയറക്ടര്‍ ലിഷാങ് ഫുവിനും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല