സ്വന്തം ലേഖകന്‍: ഇറാനുമേല്‍ യു.എസ് ഉപരോധം തുടര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള എണ്ണ കയറ്റുമതി തടയുമെന്ന് ഇറാന്‍ പ്രസിഡന്റ്; പിന്തുണയുമായി പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ഇറാന്റെ എണ്ണവ്യാപാരം തടയുമെന്ന യു.എസ് ഭീഷണിയെ തുടര്‍ന്ന് ഗള്‍ഫ്‌രാജ്യങ്ങള്‍ എണ്ണ കയറ്റുമതിക്ക് ഉപയോഗിക്കുന്ന സമുദ്രപാത അടക്കുമെന്ന് കഴിഞ്ഞ ദിവസമാണ് റൂഹാനി മുന്നറിയിപ്പു നല്‍കിയത്.
നിലവില്‍ ഗള്‍ഫ്‌രാജ്യങ്ങള്‍ ചരക്കു ഗതാഗതം നടത്തുന്നത് ഇറാനും ഒമാനും ഇടയിലുള്ള ഹോര്‍മൂസ് ഇടനാഴി വഴിയാണ്. 2016ല്‍ ഇതുവഴി പ്രതിദിനം 1.9കോടി ബാരല്‍ എണ്ണ കൈമാറ്റം ചെയ്തിട്ടുണ്ടെന്നാണ് യു.എസ് ഊര്‍ജ വകുപ്പിന്റെ കണക്ക്. ഇറാന്റെ എണ്ണ കയറ്റുമതി തടയുന്നത് ഫലത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുകൂടി തിരിച്ചടിയാകുമെന്ന കാര്യം ഓര്‍ക്കണമെന്നും ഖാംനഈ ചൂണ്ടിക്കാട്ടി.
ഇറാനുമായി 2015ല്‍ ഒപ്പുവെച്ച ആണവകരാറില്‍നിന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വാങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഒബാമ ഭരണകൂടത്തിന്റെ കാലത്ത് ഒപ്പുവെച്ച കരാറില്‍നിന്ന് പിന്മാറുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. കരാറിന്റെ ഫലമായി ഇറാനെതിരായ ഉപരോധങ്ങളില്‍ ഇളവുവരുത്തുകയും ചെയ്തു.
അതിനുപകരമായി ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ഗണ്യമായി കുറക്കാനും ഉപാധിവെച്ചു. എന്നാല്‍ അമേരിക്ക ഒപ്പുവെച്ച കരാറുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അവരോട് ചര്‍ച്ചക്ക് പോയിട്ട് കാര്യമില്ലെന്നും ഖാംനഈ പ്രസ്താവനയില്‍ പറഞ്ഞു. ശത്രുതാപരമായ നയങ്ങളുമായി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ വലിയ യുദ്ധത്തിന്റെ ചുവടുവെപ്പായിരിക്കും അതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ട്രംപിന് മുന്നറിയിപ്പു നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല