സ്വന്തം ലേഖകന്‍: ധനവിനിയോഗ ബില്‍ പാസായി; അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം; ആശ്വാസത്തോടെ ട്രംപ്. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍സുമായി ധാരണയ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ധനബില്‍ സെനറ്റ് പാസാക്കിയത്. 18നെതിരെ 81 വോട്ടിനാണ് തിങ്കളാഴ്ച അര്‍ധരാത്രി ബില്‍ പാസായത്. ഇതേതുടര്‍ന്ന് യു.എസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഷട്ട് ഡൗണ്‍’ ഉടന്‍ പിന്‍വലിക്കും.
വെള്ളിയാഴ്ച മുതല്‍ നിലച്ച സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനം ഇതോടെ പുനരാരംഭിക്കും. ഫെബ്രുവരി എട്ടുവരെ സര്‍ക്കാറിന് പ്രവര്‍ത്തിക്കാനാവശ്യമായ ഫണ്ട് ലഭ്യമാകും. മതിയായ രേഖകളില്ലാതെ കുട്ടികളായി അമേരിക്കയിലെത്തിയ എട്ടു ലക്ഷത്തോളം പേര്‍ക്ക് (ഡ്രീമേഴ്‌സ്) സംരക്ഷണം നല്‍കുംവിധം കുടിയേറ്റബില്ലില്‍ തുറന്നതും സ്വതന്ത്രവുമായ ചര്‍ച്ചയാകാമെന്ന റിപ്പബ്ലിക്കന്‍സിന്റെ ഉറപ്പിലാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. ധാരണയെക്കുറിച്ച് ഡെമോക്രാറ്റുകള്‍ തുടക്കത്തില്‍ സംശയം പ്രകടിപ്പിച്ചെങ്കിലും സെനറ്റിലെ മുതിര്‍ന്ന റിപ്പബ്ലിക്കന്‍ അംഗം മിത്ച് മക്‌കോണലിന്റെ ഇടപെടലിനെ തുടര്‍ന്ന് അനുനയത്തിലെത്തുകയായിരുന്നു.
‘ഡ്രീമേഴ്‌സി’നെ നാടുകടത്താനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം ഉപേക്ഷിക്കണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. ഇത് റിപ്പബ്ലിക്കന്‍സ് അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് സെനറ്റ് യോഗത്തില്‍ പ്രതിസന്ധിയുണ്ടായതും ധനബില്‍ പാസാകാതെ പോയതും. പ്രതിസന്ധിയെത്തുടര്‍ന്ന് തിങ്കളാഴ്ച ആയിരക്കണക്കിന് യു.എസ് ഫെഡറല്‍ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും മ്യൂസിയങ്ങളും തിങ്കളാഴ്ച അടഞ്ഞുകിടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സഞ്ചാരികളെത്തുന്ന ‘സ്വാതന്ത്ര്യ പ്രതിമ’യടക്കം കഴിഞ്ഞദിവസം തുറന്നുനല്‍കിയില്ല.
പ്രതിസന്ധി പരിഹരിക്കാന്‍ ‘ന്യൂക്ലിയര്‍ ഓപ്ഷന്‍’ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. ബില്‍ പാസാകാന്‍ സെനറ്റ് അംഗങ്ങളിലെ 60 പേരുടെ പിന്തുണ വേണമെന്ന നിയമത്തെ മാറ്റുന്ന രീതിയാണിത്. അവസാനമായി 2013ലാണ് സമാനമായ രീതിയില്‍ സര്‍ക്കാര്‍ സ്തംഭിച്ച അവസ്ഥ അമേരിക്കയിലുണ്ടായത്. 16 ദിവസത്തിന് ശേഷമാണ് അന്ന് പ്രതിസന്ധി നീങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല