സ്വന്തം ലേഖകന്‍: ഖഷോഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശിയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് യുഎസ് സെനറ്റര്‍മാര്‍. വിമത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടതു സൗദി കിരീടാവകാശി ആണെന്ന കാര്യത്തില്‍ സംശയത്തിന്റെ കണിക പോലുമില്ലെന്ന് യുഎസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍മാര്‍ വ്യക്തമാക്കി.
യുഎസ് കോണ്‍ഗ്രസില്‍ സിഐഎ ഡയറക്ടര്‍ അന്വേഷണ വിവരങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെയാണ് സെനറ്റര്‍മാരായ ബോബ് കോര്‍ക്കറും ലിന്‍സ്‌ഡെ ഗ്രഹാമും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെതിരെ കര്‍ശന നിലപാടുമായി രംഗത്തുവന്നത്. ഖഷോഗി വധത്തിന്റെ പേരില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ തള്ളിപ്പറയില്ലെന്ന നയമാണു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേത്.
‘കിരീടാവകാശിയാണു കൊലപാതകത്തിനു നിര്‍ദേശം നല്‍കിയത്. കാര്യങ്ങള്‍ അപ്പപ്പോള്‍ അദ്ദേഹത്തെ അറിയിച്ചുകൊണ്ടുമിരുന്നു. ഇക്കാര്യത്തില്‍ എന്റെ മനസ്സില്‍ ഒരു സംശയവുമില്ല,’ സെനറ്റ് വിദേശകാര്യ സമിതി ചെയര്‍മാന്‍ കോര്‍ക്കര്‍ പറഞ്ഞു. എംബിഎസ് ഒരു ന്യായാധിപനു മുന്‍പാകെ ഹാജരാകുകയാണെങ്കില്‍ 30 മിനിറ്റിനകം ശിക്ഷിക്കപ്പെടുമെന്ന് ലിന്‍ഡ്‌സെ ഗ്രഹാം തുറന്നടിച്ചു. ഇരുവരുമടക്കം ഏതാനും കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു മുന്‍പാകെയാണ് സിഐഎ ഡയറക്ടര്‍ ജിന ഹാസ്പല്‍ ഒരു മണിക്കൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല