സ്വന്തം ലേഖകൻ: യുഎസിലെ മെയിന്‍ സംസ്ഥാനത്തെ ലെവിസ്റ്റണില്‍ 22 പേരെ വെടിവച്ചുകൊന്ന അക്രമിയെ തിരിച്ചറിഞ്ഞു. നാല്പതുകാരനായ റോബര്‍ട്ട് കാർഡ്, വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്. മാനസികരോഗകേന്ദ്രത്തിൽ ചികിത്സ തേടിയിട്ടുള്ള ഇയാൾ നേരത്തെ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അക്രമിയുടെ ചിത്രം ആൻഡ്രോസ്കോഗിൻ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ലെവിസ്റ്റൺ നഗരത്തിൽ മൂന്നിടത്തായാണ് ബുധനാഴ്ച വൈകുന്നേരം വെടിവയ്പ്പുണ്ടായത്. അറുപതിലേറെപ്പേർക്ക് പരിക്കേറ്റു. ഒരു ബൗളിംഗ് കേന്ദ്രത്തിലും ബാറിലും പ്രാദേശിക റസ്റ്ററന്റിലും വാൾമാർട്ട് വിതരണകേന്ദ്രത്തിലുമാണ് വെടിവയ്പ്പുണ്ടായത്.
ബൗളിംഗ് കേന്ദ്രത്തിനുള്ളിൽ സെമി ഓട്ടോമാറ്റിക് ശൈലിയിലുള്ള ആയുധമേന്തി നടക്കുന്ന ഷൂട്ടറുടെ ഫോട്ടോ ലോക്കൽ പോലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ബ്രൗൺ ടോപ്പും നീല പാന്റ്സും ബ്രൗൺ ഷൂസുമാണ് ഇയാൾ ധരിച്ചിരുന്നത്. അക്രമി എത്തിയതെന്ന് സംശയിക്കുന്ന ഒരു വെള്ള എസ്യുവി കാറിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
ഒന്നിൽ കൂടുതൽ അക്രമികളുണ്ടായിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. അക്രമികളെ പിടികൂടാത്തതിനാല്‍ വീടിനുള്ളിൽ വാതിൽ പൂട്ടിയിരിക്കാനാണ് ജനങ്ങള്‍ക്ക് പോലീസ് നല്കിയ നിര്‍ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല