സ്വന്തം ലേഖകന്‍: ട്രഷറി സ്തംഭനം: യു.എസ് സെനറ്റില്‍ അവതരിപ്പിച്ച രണ്ട് ബില്ലുകളും പരാജയപ്പെട്ടു; ട്രംപ് നയപ്രഖ്യാപന പ്രസംഗം മാറ്റി. ട്രഷറി സ്തംഭനം അവസാനിപ്പിക്കുന്നതിനായി യു.എസ് സെനറ്റില്‍ അവതരിപ്പിച്ച രണ്ട് ബില്ലുകളും പരാജയപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും അവതരിപ്പിച്ച ബില്ലുകളാണ് പരാജയപ്പെട്ടത്. ബില്ലുകള്‍ പരാജയപ്പെട്ടതോടെ ഭരണ പ്രതിസന്ധി വരും ദിവസങ്ങളില്‍ രൂക്ഷമാകുമെന്ന് ഉറപ്പായി.
റിപ്പബ്ലിക്കന്‍ ബില്ലിനെ 50 പേരും ഡെമോക്രാറ്റുകളുടെ ബില്ലിനെ 52 പേരുമാണ് അനുകൂലിച്ചത്. എന്നാല്‍ ബില്‍ പാസാകാന്‍ 60 വോട്ട് ആണ് വേണ്ടത്. ബില്ലുകള്‍ പരാജയപ്പെട്ടതോടെ എട്ട് ലക്ഷത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് ഈയാഴ്ചയും ശമ്പളം ലഭിക്കില്ല. മെക്‌സിക്കന്‍ മതിലിന് ഫണ്ട് വകയിരുത്താതെയുള്ള ഒരു ബില്ലിലും ഒപ്പുവെക്കില്ലെന്ന നിലപാട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു.
ട്രംപിന്റെ ആവശ്യം ന്യായീകരിക്കാനാകാത്തതാണെന്ന് പ്രതിനിധി സഭയുടെ സ്പീക്കറും ഡെമോക്രാറ്റിക് നേതാവുമായ നാന്‍സി പെലോസി പറഞ്ഞു. ട്രഷറി സ്തംഭനം തുടങ്ങിയിട്ട് 34 ദിവസം പിന്നിട്ടിരിക്കുകയാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രഷറി സ്തംഭനമാണിത്.
നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള ക്ഷണം യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി പിന്‍വലിച്ചതിനു പിന്നാലെ, ചടങ്ങ് മാറ്റിവച്ചതായി ട്രംപിന്റ പ്രഖ്യാപനം. 29 നു ജനപ്രതിനിധി സഭ(ഹൗസ്)യില്‍ ‘സ്റ്റേറ്റ് ഓഫ് ദ് യൂണിയന്‍’ പ്രസംഗം നടത്താന്‍ ചട്ടപ്രകാരം ഈ മാസം ആദ്യം പെലോസി യുഎസ് പ്രസിഡന്റിനു ക്ഷണക്കത്ത് അയച്ചിരുന്നു. എന്നാല്‍, ഭാഗിക ഭരണസ്തംഭനം തുടരുന്നതു ചൂണ്ടിക്കാട്ടി ബുധനാഴ്ച പിന്‍വലിക്കുകയായിരുന്നു.
ആദ്യം ക്ഷണിക്കുകയും പിന്നീടു പിന്‍വലിക്കുകയും ചെയ്തതു സ്പീക്കറുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും ഭരണസ്തംഭനത്തിനു പരിഹാരമായ ശേഷം നയപ്രഖ്യാപന പ്രസംഗം നടത്താമെന്നും ട്രംപ് ട്വിറ്ററില്‍ അറിയിച്ചു. ഏറ്റവുമടുത്ത തീയതിയില്‍ സഭയില്‍വച്ചു തന്നെ ‘കിടിലന്‍’ പ്രസംഗം നടത്താന്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല