സ്വന്തം ലേഖകന്‍: അന്തരിച്ച അമേരിക്കന്‍ ഗായകന് പ്രിന്‍സിന്റെ മരണ കാരണം വേദന സംഹാരികളുടെ അമിത ഉപയോഗമെന്ന് റിപ്പോര്‍ട്ട്. ഫെന്റനില്‍ എന്ന വേദന സംഹാരി അമിതമായ അളവില്‍ പ്രിന്‍സ് ഉപയോഗിച്ചതായി മെഡിക്കന്‍ റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. മിനെസോട്ടയിലെ വീട്ടിലെ ലിഫ്ടില്‍ ഏപ്രില്‍ 21 നാണ് 57 കാരനായ പ്രിന്‍സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏപ്രില്‍ 20 ന് ഡോക്ടറെ കണ്ട് പ്രിന്‍സ് മരുന്നുവാങ്ങിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മരുന്ന് കുറിച്ച ഡോ. മൈക്കിള്‍ സ്ലെന്ബര്ഗിനെ ഡിക്ടറ്റീവുകള്‍ പല തവണ ചോദ്യം ചെയ്തു. ഹെറോയിനേക്കാള്‍ ശക്തിയേറിയ ഫെന്റനില്‍ പ്രിന്‍സ് സ്വയം ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തല്‍.
പല തവണ മരുന്ന് ഉപയോഗിച്ചിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മരുന്ന് ആരോഗ്യത്തിനും പൊതുസുരക്ഷക്കും ഭീഷണിയാണെന്ന് യു.എസ് ഡ്രഗ് അഡ്മിനിസ്ട്രേഷന് കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
ഗായകന്, ഗാനരചയിതാവ്, വാദ്യോപകരങ്ങളില്‍ വിദഗ്ധന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന പ്രിന്‍സ് 30 ഓളം ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രിന്‍സിന്റെ ലെറ്റസ് ഗോ ക്രേസി, വെന്‍ ഡവ്സ് ക്രൈ എന്നീ ആല്‍ബങ്ങള്‍ നിത്യഹരിത ഹിറ്റുകളായാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല