യുദ്ധം ഒന്നിനുമൊരു പരിഹാരമല്ല എന്ന് മാത്രമല്ല യുദ്ധത്തിനിടയില്‍ മനസാക്ഷിയെ നടുക്കുന്ന പല ക്രൂരതകളും അരങ്ങേറിയ ചരിത്രവും നമുക്കുണ്ട്. ഇത്തരത്തില്‍ ഏറ്റുമുട്ടലെന്ന വ്യാജേന നിരായുധരായ അഫ്ഗാന്‍ പൌരന്മാരെ കൊന്നുരസിച്ച യുഎസ് പട്ടാളക്കാരന്‍ വിചാരണ ചെയ്യപ്പെടുകയും ഒടുവില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നത് ഇങ്ങനെ യുദ്ധത്തിന്റെ മറവില്‍ പല ക്രൂര കൃത്യങ്ങളും കാട്ടി കൂട്ടുന്ന പലര്‍ക്കുമുള്ള മുന്നറിയിപ്പായിരിക്കുകയാണ്. കുറ്റക്കാരനെന്നു സൈനിക വിചാരണയില്‍ തെളിഞ്ഞ സ്റ്റാഫ് സാര്‍ജന്റ് കാല്‍വിന്‍ ഗിബ്സ് (26) ആണു ശിക്ഷിക്കപ്പെട്ടത്. പത്തു വര്‍ഷത്തിനുശേഷമേ പരോള്‍ അനുവദിക്കാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു.
ഗിബ്സിന്റെ പേരില്‍ 15 കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. അതില്‍ മൂന്നെണ്ണം മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകങ്ങള്‍ക്കാണ്. അഫ്ഗാനിസ്ഥാനില്‍ കരസേനാംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ നാട്ടുകാരെ ‘നരഭോജികള്‍ എന്നു വിളിക്കുകയും അവരെ കൊല്ലുകയും ഏറ്റുമുട്ടല്‍ എന്നു തോന്നിപ്പിക്കാന്‍ അവരുടെ മൃതദേഹങ്ങളില്‍ തോക്കുകള്‍ വയ്ക്കുകയും ഒാര്‍മയ്ക്കായി അവരുടെ വിരലുകള്‍ മുറിച്ചെടുക്കുകയും ചെയ്തത് കുറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.
സ്ട്രൈക്കര്‍ ബ്രിഗേഡ് എന്നറിയപ്പെട്ടിരുന്ന കാലാള്‍പ്പടയിലെ മറ്റു ചിലരോടൊത്താണ് ഗിബ്സ് അഫ്ഗാന്‍ ജനതയോട് ക്രൂരത കാട്ടിയത്. അഞ്ചംഗ സംഘത്തിലെ മൂന്നു പേര്‍ കുറ്റം സമ്മതിച്ചിരുന്നു. ഗിബ്സ് ആയിരുന്നു സംഘത്തലവന്‍. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഗിബ്സിന്റെ കൂട്ടാളി ജെറമി മര്‍ലോക്കിന് 24 വര്‍ഷത്തെ തടവുശിക്ഷ നേരത്തെ നല്‍കിയിരുന്നു. അഫ്ഗാന്‍കാരുടെ ആക്രമണത്തെ നേരിടുമ്പോഴാണ് മരണം സംഭവിച്ചതെന്നു ഗിബ്സ് വാദിച്ചെങ്കിലും പ്രോസിക്യൂഷന്‍ അത് കള്ളമാണെന്നു ചൂണ്ടിക്കാട്ടി. ഗിബ്സ് സ്വന്തം സഹപ്രവര്‍ത്തകരെയും രാജ്യത്തെയും വഞ്ചിക്കുകയാണ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല