രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയില്‍ തങ്ങി അമേരിക്കയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ എലിസബത്ത് ബെറ്റി മക്കിന്റോഷിന് നൂറു വയസു തികഞ്ഞു. ജപ്പാന്‍ സേനയെ അട്ടിമറിക്കാന്‍ തെറ്റായ വിവരങ്ങള്‍ കൈമാറുന്നതില്‍ പ്രധാന പങ്കു വഹിച്ച അവര്‍ 1943 ലാണ് ഇന്ത്യയിലെത്തിയത്.
ചാര സംഘടനയായ സി.ഐ.എയുടെ ആസ്ഥാനത്ത് നടന്ന ആഘോഷങ്ങള്‍ക്ക് അക്കാലത്തെ ഒ.എസ്.എസ് ( ഓഫീസ് ഒഫ് സ്ട്രാറ്റജിക് സര്‍വീസസ് പിന്നീട് സി.ഐ.എ ആയി ) ഓഫീസറായി ഇന്ത്യയിലുണ്ടായിരുന്ന സി.ഐ.എ മേധാവി ജോണ്‍ ബ്രന്നന്‍ നേതൃത്വം വഹിച്ചു. ബെറ്റിയുടെ സേവനങ്ങളെ സംഘടന മാനിക്കുന്നതായി വ്യക്തമാക്കിയ അദ്ദേഹം സ്ത്രീകള്‍ക്ക് വിശേഷിച്ച് സി.ഐ.എയിലെ സ്ത്രീ ജീവനക്കാര്‍ക്ക് പ്രചോദനം നല്‍കുന്നതാണ് അവരുടെ ജീവിതമെന്ന് അഭിപ്രായപ്പെട്ടു.
ക്രിപ്‌സ് ഹോവാര്‍ഡ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടറായിരുന്നു വാഷിംഗ്ടണ്‍ ഡിസി നിവാസിയായിരുന്ന ബെറ്റി. 1941ല്‍ ജപ്പാന്റെ പേള്‍ ഹാര്‍ബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത് ബെറ്റിയായിരുന്നു. ജാപ്പനീസ് ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള പാടവം കണക്കിലെടുത്ത് ഒ.എസ്.എസിലേക്ക് നിയമിക്കപ്പെട്ടു. പരിശീലനശേഷം ഇന്ത്യയിലെത്തിയ അവര്‍ക്ക് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചും റേഡിയോ സന്ദേശങ്ങള്‍ നല്‍കിയും ജപ്പാന്‍ സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ കഴിഞ്ഞു. പിന്നീട് ജന്മനാട്ടില്‍ തിരിച്ചെത്തി 1958ല്‍ സേവനം തുടര്‍ന്ന അവര്‍ 1973ല്‍ വിരമിച്ചു. തന്റെ ചാരവൃത്തിക്കാലത്തെ ആസ്പദമാക്കി ‘സിസ്റ്റര്‍ഹുഡ് ഒഫ് സ്‌പൈസ്: ദ വുമണ്‍ ഒഫ് ദി ഒ.എസ്.എസ്’ എന്ന കൃതിയും ഇവര്‍ രചിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല